സുധയുടെ പരാതിക്ക് പരിഹാരമാകുന്നു; വിമാനത്താവളങ്ങളില്‍ ഭിന്നശേഷിക്കാരുടെ പരിശോധനയ്ക്ക് മാര്‍ഗരേഖ

ന്യൂഡല്‍ഹി: വിമാനത്താവളത്തിലെ സുരക്ഷാപരിശോധനയ്ക്കിടയില്‍ ഭിന്നശേഷിക്കാര്‍ നേരിടുന്ന കടുത്ത ബുദ്ധിമുട്ടുകള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയ നര്‍ത്തകിയും നടിയുമായ സുധ രാമചന്ദ്രന്റെ പരാതിയില്‍ പരിഹാരമാകുന്നു. ഭിന്നശേഷിക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി കരട് മാര്‍ഗരേഖ പുറത്തിറക്കി. യാത്രക്കാരുടെ അഭിമാനവും സ്വകാര്യതയും സംരക്ഷിച്ചു മാത്രമേ പരിശോധന നടത്താവൂ എന്നതാണു പ്രധാന നിര്‍ദേശം.

പരമാവധി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയുളള പരിശോധന വേണം. വിശദപരിശോധനയ്ക്കു സഹായത്തിന് കൂടെ ഒരു ഉദ്യോഗസ്ഥന്‍ വേണം. യാത്രക്കാരനൊപ്പം വിമാന കമ്പനി പ്രതിനിധിയുമുണ്ടാകണം. കൃത്രിമ അവയവഭാഗങ്ങളെ വിശദപരിശോധനയ്ക്കു വിധേയമാക്കിയാല്‍ കാരണം രേഖപ്പെടുത്തണം.

ആരോഗ്യപരമായ കാരണങ്ങളാല്‍ ഷൂസ് അഴിക്കാന്‍ സാധിക്കാത്തവര്‍ക്ക് അക്കാര്യം വ്യക്തമാക്കാം. ഇന്‍സുലിന്‍ പമ്പ് അടക്കം മെഡിക്കല്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളവര്‍ അത് അഴിക്കാതെ തന്നെ സുരക്ഷാപരിശോധനയ്ക്കു വിധേയരാകാം. വീല്‍ ചെയറിലോ മറ്റു സംവിധാനങ്ങളിലോ വരുന്ന ആളുകളുടെ സുരക്ഷാപരിശോധനയുടെ ഉത്തരവാദിത്വം ഒപ്പം യാത്രചെയ്യുന്ന ആള്‍ക്കോ അനുഗമിക്കുന്ന വിമാനകമ്പനി പ്രതിനിധിക്കോ ആയിരിക്കും. കരടിന്മേല്‍ മൂന്ന് ആഴ്ച്ചയ്ക്കുള്ളില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം.

വിമാനത്താവളത്തില്‍ തന്റെ കൃത്രിമക്കാല്‍ ഊരിമാറ്റി പരിശോധന നടത്തിയപ്പോള്‍ നേരിട്ട വിഷമതകള്‍ സുധ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ടാഗ് ചെയ്തായിരുന്നു താരം വീഡിയോ പങ്കുവെച്ചത്. താരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബോളിവുഡ് താരം കങ്കണ റണാവത്തും രംഗത്തെത്തിയിരുന്നു.

Exit mobile version