പ്രഫുലിന്റെ ഭരണപരിഷ്‌കാരം തുടരുന്നു; കുറ്റകൃത്യങ്ങളില്ലാത്ത ലക്ഷദ്വീപില്‍ കൂറ്റന്‍ ജയില്‍ നിര്‍മ്മിക്കാന്‍ തീരുമാനം, ടെണ്ടര്‍ ക്ഷണിച്ചു

അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭരണപരിഷ്‌കാരങ്ങള്‍ തുടരുന്നു. ഇപ്പോള്‍ ലക്ഷദ്വീപില്‍ കൂറ്റന്‍ ജയില്‍ നിര്‍മ്മിക്കാനാണ് പുതിയ തീരുമാനം. ഇതിനായി 26 കോടിയുടെ ടെണ്ടര്‍ ക്ഷണിച്ചു. ഒരു വര്‍ഷത്തിനകം ജയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. കവരത്തിയിലാണ് വമ്പന്‍ ജില്ലാ ജയില്‍ നിര്‍മ്മിക്കാന്‍ ഭരണകൂടം പദ്ധതിയിട്ടിരിക്കുന്നത്.

ജയില്‍ നിര്‍മ്മാണത്തിനായി ഇ ടെണ്ടര്‍ വിളിച്ചിട്ടുണ്ട്. കവരത്തി ദ്വീപിന്റെ തെക്കുഭാഗത്തായാണ് പുതിയ ജയില്‍ നിര്‍മ്മിക്കുകയെന്നാണ് ലഭിക്കുന്ന വിവരം. ഉടമകള്‍ പോലും അറിയാതെ ആണ് ജയില്‍ നിര്‍മ്മിക്കാനുളള സ്ഥലം തെരഞ്ഞെടുത്തിരിക്കുന്നതാണ് മറ്റൊരു പ്രത്യേകത. ടെണ്ടര്‍ ക്ഷണിച്ചു കൊണ്ടുളള വാര്‍ത്ത പുറത്തു വന്നപ്പോഴാണ് ഇവര്‍ ജയില്‍ നിര്‍മ്മണത്തിന്റെ കാര്യങ്ങള്‍ ഉടമ പോലും അറിയുന്നത്.

നിലവില്‍ കവരത്തിയിലും ആന്ത്രോത്തിലും ചെറിയ ജയിലുകളുണ്ട്. ഇവിടെ പോലും കുറ്റവാളികള്‍ ഇല്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് കൂറ്റന്‍ ജയില്‍ നിര്‍മ്മിക്കുന്നത്. ഈ മാസം ഇരുപതിനാണ് ടെണ്ടര്‍ ക്ഷണിച്ചിട്ടുളളത്. നവംബര്‍ എട്ടാണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി.

Exit mobile version