വ്യാജ മാര്‍ക്ക് ലിസ്റ്റ് ഉപയോഗിച്ച് കോളേജ് പ്രവേശനം നേടിയ സംഭവം; 28 വര്‍ഷത്തിന് ശേഷം, ബിജെപി എംഎല്‍എയ്ക്ക് 5 വര്‍ഷം തടവ്

അയോധ്യ: വ്യാജ മാര്‍ക്ക് ലിസ്റ്റ് ഉപയോഗിച്ച് കോളേജില്‍ പ്രവേശനം നേടിയ സംഭവത്തില്‍ ബിജെപി എംഎല്‍എ ഇന്ദ്രപ്രതാപ് തിവാരിയ്ക്ക് തടവ് ശിക്ഷ വിധിച്ചു. അഞ്ച് വര്‍ഷം തടവും 8000 രൂപ പിഴയുമാണ് പ്രത്യേക കോടതി വിധിച്ചത്.

അയോധ്യയിലെ ഗോസായിഗഞ്ചില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് ഇന്ദ്രപ്രതാപ് തിവാരി. 28 വര്‍ഷം പഴക്കമുള്ള കേസിലാണ് വിധി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് ജയിലിലേക്ക് മാറ്റുകയും ചെയ്തു. 1992ല്‍ അയോധ്യയിലെ സാകേത് കോളേജ് പ്രിന്‍സിപ്പല്‍ യദുവന്‍ഷ് റാം ത്രിപാഠിയാണ് ഇയാള്‍ക്കെതിരെ രാം ജന്മഭൂമി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഡിഗ്രി രണ്ടാം വര്‍ഷ പരീക്ഷയില്‍ ഇന്ദ്രപ്രതാപ് പരാജയപ്പെട്ടിരുന്നു.

എന്നാല്‍ വ്യാജ മാര്‍ക്ക് ഷീറ്റ് ഉപയോഗിച്ച് 1990ല്‍ ഇയാള്‍ അടുത്ത വര്‍ഷ ക്ലാസിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. കേസില്‍ 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ഇതിനിടെ പല ഒറിജിനല്‍ രേഖകളും അപ്രത്യക്ഷമായി. ഇതിന്റെ കോപ്പികളായിരുന്നു പിന്നീട് കോടതിയില്‍ ഉപയോഗിച്ചത്. ഇതിനിടെ പരാതിക്കാരനായ പ്രിന്‍സിപ്പല്‍ ത്രിപാഠി മരിച്ചിരുന്നു. ശേഷം സാകേത് കോളേജിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ മഹേന്ദ്ര അഗര്‍വാള്‍ മുന്‍പോട്ടു പോയ കേസിലാണ് ഇപ്പോള്‍ വിധി വന്നത്.

Exit mobile version