‘ശൗചാലായങ്ങളുടെ നിര്‍മ്മാണം, പാചകവാതക സിലിന്‍ഡറുകളുടെ വിതരണം, ബാങ്ക് അക്കൗണ്ടുകള്‍ തുറക്കല്‍’ ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് ബിഷപ്പുമാര്‍ക്ക് എഴുതിയ കണ്ണന്താനത്തിന്റെ കത്തില്‍ ‘മോഡി പ്രഭാവം’

മുന്നൂറോളം ബിഷപ്പുമാര്‍ക്കാണ് കണ്ണന്താനം കത്തെഴുതിയത്.

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ബിഷപ്പുമാര്‍ക്ക് അയച്ച ക്രിസ്തുമസ് ആശംസകളില്‍ മോഡി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മാത്രം. തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടാണ് കത്തിലെ വിവരണം എന്നാണ് ലഭിക്കുന്ന സൂചന. ക്രിസ്തുമസ് ആശംസകളാണ് നേരാന്‍ കത്തയച്ചത്. പക്ഷേ പരാമര്‍ശം മുഴുവന്‍ മോഡി പ്രഭാവം മാത്രമായിരുന്നു.

മുന്നൂറോളം ബിഷപ്പുമാര്‍ക്കാണ് കണ്ണന്താനം കത്തെഴുതിയത്. ഒമ്പതരക്കോടി ശൗചാലയങ്ങളുടെ നിര്‍മ്മാണം, 5.8 കോടി പാചകവാതക സിലിന്‍ഡറുകളുടെ വിതരണം, 30 കോടി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കല്‍ തുടങ്ങിയ നേട്ടങ്ങളാണ് വിവരിച്ചിരിക്കുന്നത്. രാജ്യത്തെ പാവപ്പെട്ടവരെ സേവിക്കുക എന്നത് മന്ത്രിയെന്ന നിലയില്‍ തന്റെ കടമയാണെന്ന് കണ്ണന്താനം കത്തില്‍ പറയുന്നു.

സഭയുമായി ബന്ധപ്പെട്ട് എന്തുപ്രശ്‌നമുണ്ടായാലും അത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും എത്രയും വേഗം പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുമെന്നും കത്തില്‍ പറയുന്നു. എന്നാല്‍ കത്തിനെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. വെറും തള്ളെന്നാണ് ഇവര്‍ക്കിടയിലെ പ്രതികരണം.

Exit mobile version