കനത്ത മഴ; വെള്ളംനിറഞ്ഞ അടിപ്പാതയില്‍ കാര്‍ മുങ്ങി; വാഹനത്തില്‍ കുടുങ്ങിയ വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം, ഭര്‍തൃമാതാവ് ഗുരുതരാവസ്ഥയില്‍

ചെന്നൈ: കനത്ത മഴയില്‍ റെയില്‍വേ അടിപ്പാതയിലുണ്ടായ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി വനിതാ ഡോക്ടര്‍ മരിച്ചു. ഹൊസൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറായ സത്യയാണ് (35) മരിച്ചത്. ഇവരുടെ ഭര്‍തൃമാതാവ് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പുതുക്കോട്ട ജില്ലയിലെ പൊമ്മാടിമല-തുടൈയൂര്‍ റോഡിലുള്ള സബ്വേയില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു അപകടം.

പിന്‍സീറ്റില്‍ യാത്രചെയ്ത ഭര്‍തൃമാതാവ് ജയം പുതുക്കോട്ട ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തുടൈയൂരിലെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു അപകടം. കഴിഞ്ഞദിവസം വൈകീട്ട് പ്രദേശത്ത് കനത്തമഴപെയ്തിരുന്നു. തകരാറായ അഴുക്കുചാല്‍സംവിധാനമായതിനാലാണ് അടിപ്പാതയില്‍ വെള്ളം നിറഞ്ഞത്. സാധാരണ ഇങ്ങനെ വരുമ്പോള്‍ റെയില്‍വേ ജീവനക്കാര്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പുചെയ്തുകളയാറാണ് പതിവ്.

എന്നാല്‍, ഈ വിവരം അറിയാതെ കാറോടിച്ചുവന്ന സത്യ മുമ്പില്‍പ്പോയ ലോറിക്കുപിന്നാലെ അടിപ്പാതയിലേക്ക് ഇറങ്ങി. ലോറി കടന്നുപോയതിനാല്‍ ഓടിച്ചുപോകാമെന്ന കണക്കുകൂട്ടലിലാണ് ഇറങ്ങിയതെങ്കിലും പാതിവഴിയില്‍ കാര്‍ കുടുങ്ങുകയായിരുന്നു. ഇതോടെ എന്‍ജിന്‍ പ്രവര്‍ത്തനരഹിതമായി. ഈസമയം മഴ കനത്തതോടെ അടിപ്പാതയില്‍ അഞ്ചടിയോളം വെള്ളം നിറയുകയും ചെയ്തു. അതോടെ ഇരുവരും പുറത്തിറങ്ങാനാകാതെ കാറിലകപ്പെടുകയായിരുന്നു.

പിന്നാലെത്തിയ ലോറിയുടെ ഡ്രൈവര്‍മാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്‍സീറ്റിലിരുന്ന ജയത്തെ പുറത്തെടുക്കാനായെങ്കിലും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ സത്യയെ രക്ഷിക്കാനായില്ല.

Exit mobile version