ഹൈദരാബാദ് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട്; നിരാഹാരമിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയം! കോഴ്‌സ് റദ്ദാക്കാനുള്ള മാനേജ്‌മെന്റ് തീരുമാനം പിന്‍വലിച്ചു

ഹൈദരാബാദ്: ഹൈദരാബാദ് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ക്യാംപസില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന നിരാഹാര സമരം അവസാനിച്ചു. ബിഎ സോഷ്യല്‍ സയന്‍സ് കോഴ്‌സ് എടുത്തുകളയരുതെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം മാനേജ്‌മെന്റ് സമ്മതിച്ചതോടെയാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.

ബിഎ സോഷ്യല്‍ സയന്‍സ് കോഴ്‌സ് എടുത്തുകളയാനും ഹോസ്റ്റല്‍ സൗകര്യം ഒഴിവാക്കാനുമുള്ള മാനേജ്‌മെന്റ് തീരുമാനത്തിന് എതിരെയാണ് വിദ്യാര്‍ഥികള്‍ നിരാഹാര സമരം നടത്തിയത്. കോഴ്‌സ് നിര്‍ത്തലാക്കില്ലെന്നും ഹോസ്റ്റല്‍ സൗകര്യം പുനഃസ്ഥാപിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് ലഭിച്ചു.

രണ്ടാഴ്ച സമരം ചെയ്തിട്ടും മാനേജ്‌മെന്റ് തീരുമാനം മാറ്റാന്‍ തയ്യാറാകാത്ത പശ്ചാത്തലത്തിലായിരുന്നു വിദ്യാര്‍ഥികള്‍ നിരാഹാരസമരം തുടങ്ങിയത്. നിലവില്‍ തെലങ്കാന സര്‍ക്കാരിന്റെ വാടക കെട്ടിടത്തില്‍ ആണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. യുജിസി സഹായം നിര്‍ത്തലാക്കാക്കിയതാണ് കോഴ്‌സ് തുടരാന്‍ കഴിയാത്തതിന് കാരണമെന്നായിരുന്നു ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതരുടെ വിശദീകരണം.

Exit mobile version