സൈഡസ് കാഡിലയുടെ കോവിഡ് വാക്‌സീന് ഇന്ത്യയില്‍ അടിയന്തര ഉപയോഗാനുമതി

Covid19 | Bignewslive

ന്യൂഡല്‍ഹി : അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി സൈഡസ് കാഡിലയുടെ കോവിഡ്19 വാക്‌സീന്‍ സൈക്കോവ് ഡിയ്ക്ക് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് വിദഗ്ധ സമിതി അനുമതി നല്‍കി.ഇതോടെ ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന വാക്‌സീനുകളുടെ എണ്ണം അഞ്ചായി.

മൂന്ന് ഡോസ് എടുക്കേണ്ട വാക്‌സീന് 28,000ത്തിലധികം പേരില്‍ നടത്തിയ പരീക്ഷണത്തില്‍ 66.66 ശതമാനമാണ് ഫലപ്രാപ്തി. സൂചി ഉപയോഗിക്കാതെ ത്വക്കിലേക്ക് നേരിട്ട് നല്‍കുന്ന തരത്തിലാവും വാക്‌സീന്‍. സൂചി രഹിത സംവിധാനമായതിനാല്‍ പാര്‍ശ്വഫലങ്ങളില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് സൈഡസ് അവകാശപ്പെടുന്നത്.

സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവീഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, റഷ്യയുടെ സ്പുട്‌നിക്, യുഎസ് നിര്‍മിത മോഡേണ എന്നിവയാണ് നിലവില്‍ രാജ്യത്ത് അനുമതിയുള്ള മറ്റ് വാക്‌സീനുകള്‍. അടിയന്തര ഉപയോഗ അനുമതിയ്ക്കായി സൈഡസ് ജൂലൈ ഒന്നിന് അപേക്ഷ നല്‍കിയിരുന്നു.

Exit mobile version