ഇംഗ്ലീഷ് പരീക്ഷയ്ക്ക് തോറ്റു; 86-ാം വയസില്‍ 10-ാം ക്ലാസ് പരീക്ഷ എഴുതി മുന്‍ മുഖ്യമന്ത്രി ചൗട്ടാല

സിര്‍സ; 10-ാം ക്ലാസ് പരീക്ഷയില്‍ തോറ്റുപോയ ഇംഗ്ലീഷ് പരീക്ഷ 86-ാം വയസില്‍ എഴുതി ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല. ഹരിയാനയിലെ സിര്‍സയിലുള്ള ആര്യ കന്യ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരീക്ഷയില്‍ അദ്ദേഹം പങ്കെടുത്തു. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ പരീക്ഷയെഴുതാന്‍ മറ്റൊരാളുടെ സഹായം ആവശ്യമാണെന്ന് ചൗട്ടാല ആവശ്യപ്പെട്ടിരുന്നു.

ഈ ആവശ്യം അധികൃതര്‍ അംഗീകരിച്ചതോടെ സിര്‍സ സ്‌കൂളിലെ തന്നെ 10ാം ക്ലാസ് വിദ്യാര്‍ഥി മല്‍കിയാത് കൗര്‍ ചൗട്ടാലയെ പരീക്ഷയെഴുതാന്‍ സഹായിച്ചു. 2 വര്‍ഷം മുന്‍പ് തിഹാര്‍ ജയിലിലായിരിക്കെ മറ്റു പേപ്പറുകള്‍ എഴുതിയിരുന്നു. അധ്യാപക റിക്രൂട്‌മെന്റ് അഴിമതി കേസിലാണ് 2013 ല്‍ ചൗട്ടാല ജയിലിലായത്. ജൂലൈയില്‍ ജയില്‍ മോചിതനായി.

ഈ വര്‍ഷം ആദ്യം ഹരിയാന ഓപ്പണ്‍ ബോര്‍ഡിന് കീഴില്‍ പ്ലസ് ടു പരീക്ഷ അദ്ദേഹം എഴുതിയിരുന്നു. പത്താം ക്ലാസ് പരീക്ഷയിലെ ഇംഗ്ലീഷ് വിഷയത്തില്‍ പരാജയപ്പെട്ടതിനാല്‍ ഓപ്പണ്‍ ബോര്‍ഡിന് കീഴില്‍ പ്ലസ് ടു പരീക്ഷയുടെ ഫലം തടഞ്ഞു വെക്കുന്ന സാഹചര്യമുണ്ടായി. ഇതോടെയാണ് ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതാന്‍ മുന്‍ മുഖ്യമന്ത്രി എത്തിയത്.

Exit mobile version