പിറന്നാൾ ആഘോഷത്തിനിടെ കേക്ക് മുഖത്ത് തേച്ചു; യുവാവ് സുഹൃത്തുക്കളെ വെടിവച്ചു കൊന്നു

അമൃത്സർ:പിറന്നാൾ ആഘോഷത്തിനിടയിൽ കേക്ക് മുഖത്ത് തേച്ച രണ്ട് സുഹൃത്തുക്കളെ യുവാവ് വെടിവെച്ച് കൊന്നു. ബുധനാഴ്ച വൈകിട്ട് അമൃത്സറിലെ ഒരു ഹോട്ടലിന് പുറത്താണ് സംഭവം നടന്നത്. മണി ധില്ലോൺ എന്നയാളാണ് വെടിയുതിർത്തത്.

വെടിയേറ്റ രണ്ട് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സുഹൃത്തായ തനുർപ്രീതിൻറെ പിറന്നാൾ ആഘോഷത്തിനായാണ് ഇവർ ഒത്തുകൂടിയത്. ഹോട്ടലിൽ സംഘടിപ്പിച്ച പിറന്നാൾ ആഘോഷത്തിൽ 25 പേരെയാണ് തനുപ്രീത് ക്ഷണിച്ചിരുന്നത്.

ആഘോഷത്തിനിടയിൽ കേക്ക് മുഖത്ത് പുരട്ടിയതിൻറെ പേരിൽ വഴക്ക് നടന്നിരുന്നതായി ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് പൊലീസ് പറയുന്നു. പാർട്ടി കഴിഞ്ഞതിന് ശേഷം മണി ധില്ലോങ് ഹോട്ടലിന് പുറത്തു വെച്ച് ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

വെടിയേറ്റ് വീണ രണ്ട് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടയിൽ മണി ധില്ലോങ് സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. പൊലീസ് മണി ധില്ലോങ്ങിനായുള്ള തിരച്ചിൽ തുടരുകയാണ്.

 

Exit mobile version