മീ ടൂ: ഗായകന്‍ കൈലാഷ് ഖേറിനെതിരെ ആരോപണവുമായി മറ്റൊരു ഗായിക കൂടി രംഗത്ത്

വര്‍ഷയെ ഫോണിലൂടെ ബന്ധപ്പെട്ട കൈലാഷ് അവരെ കാണണമെന്നും അവരുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞുവെന്നാണ് ആരോപണം.

ന്യൂഡല്‍ഹി: മറ്റൊരു ഗായിക കൂടി പ്രശസ്ത ബോളിവുഡ് ഗായകന്‍ കൈലാഷ് ഖേറിനെതിരെ മീടൂ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നു. സോന മോഹപത്രക്ക് പുറമേ ഗായികയായ വര്‍ഷ സിങ് ധനോയാണ് കൈലാഷിനെതിരെ ആരോപണവുമായി എത്തിയിരിക്കുന്നത്.

വര്‍ഷയെ ഫോണിലൂടെ ബന്ധപ്പെട്ട കൈലാഷ് അവരെ കാണണമെന്നും അവരുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞുവെന്നാണ് ആരോപണം. യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താന്‍ നേരിട്ട മോശം അനുഭവം വര്‍ഷ വെളിപ്പെടുത്തിയത്.

പ്രശസ്ത ഗായകന്‍ തോഷി സബ്രിക്കെതിരെയും വര്‍ഷയുടെ വെളിപ്പെടുത്തലുണ്ടായിരുന്നു. ഒരു റെക്കോര്‍ഡിങ്ങിന് ക്ഷണിച്ച തോഷി, അയാളുടെ കൂടെ കാറില്‍ കയറ്റി തനിക്ക് മദ്യം വാഗ്ദാനം ചെയ്‌തെന്നും തന്റെ ദേഹത്ത് സ്പര്‍ശിച്ചെന്നും വര്‍ഷ പറഞ്ഞു. ശേഷം അയാളുടെ റെക്കോര്‍ഡിങ് സ്റ്റുഡിയോയിലേക്ക് കൂടെ പോകാന്‍ നിര്‍ബന്ധിച്ചെന്നും വര്‍ഷ വീഡിയോയില്‍ പറയുന്നു.

ആ സംഭവം എന്നില്‍ വലിയ ഭീതിയുണ്ടാക്കിയെന്നും ഒരു സംവിധായകനെയും കാണാന്‍ ഇതിന് ശേഷം തനിക്ക് കഴിഞ്ഞില്ലെന്നും അതോടെ സംഗീത മേഖലയിലുള്ള എന്റെ കരിയര്‍ അവസാനിച്ചുവെന്നും വര്‍ഷ കൂട്ടിച്ചേര്‍ത്തു.

Exit mobile version