മോഷണ ശ്രമത്തിനിടെ എടിഎമ്മിനുള്ളില്‍ കുടുങ്ങി; ‘ഫോട്ടോയും വീഡിയോയും എടുത്തുകഴിഞ്ഞെങ്കില്‍ എന്നെ പുറത്തിറക്കിതരുമോ’ യുവാവിന്റെ അപേക്ഷ, നാടകീയ അറസ്റ്റ്

കോയമ്പത്തൂര്‍: ‘ ഫോട്ടോയും വീഡിയോയും എടുത്തുകഴിഞ്ഞെങ്കില്‍ എന്നെ പുറത്തിറക്കിതരുമോ’ ഇത് എടിഎമ്മില്‍ നിന്നു പണം മോഷ്ടിക്കാനെത്തിയ യുവാവിന്റെ അപേക്ഷയാണ്. കാരണമാകട്ടെ, പണം എടുക്കാനുള്ള ശ്രമത്തിനിടെ എടിഎമ്മിനുള്ളില്‍ കുടുങ്ങിയത്. എടിഎം മെഷീന്റെ മുകള്‍ഭാഗത്ത് പുറത്തേക്ക് തല നീട്ടിയ നിലയിലാണ് യുവാവ് രക്ഷപ്പെടുത്താന്‍ ആവശ്യപ്പെടുന്നത്.

നാമക്കല്‍ ജില്ലയിലെ അണിയാപുരം വണ്‍ ഇന്ത്യ എടിഎമ്മിലാണ് നാടകീയ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. വ്യാഴാഴ്ച രാത്രി യന്ത്രത്തിന് അകത്തുനിന്ന് അലാറത്തിനോടൊപ്പം യുവാവിന്റെ നിലവിളി ശബ്ദവും കേട്ടാണ് നാട്ടുകാര്‍ ഉണര്‍ന്നത്. പിന്നീട് റോന്ത് പോലീസും സ്ഥലത്തെത്തി. ബിഹാര്‍ സ്വദേശി കിഴക്ക് സാംറാന്‍ ജില്ലക്കാരനായ ഉപേന്ദ്ര റോയ് (28) ആണ് ഈ ഊരാക്കുടുക്കില്‍ പെട്ടത്.

മോഹനൂര്‍ അടുത്തുള്ള സ്വകാര്യ കോഴിതീറ്റ കമ്പനിയിലെ ജീവനക്കാരനാണ് ഇയാള്‍. തുറന്നിരുന്ന എടിഎം മുറിക്കകത്തേക്ക് കയറി ഷട്ടര്‍ താഴേക്കിറക്കിയാണ് മോഷണം നടത്തിയത്. യന്ത്രത്തിന് മുകള്‍ഭാഗത്തെ ഭാഗം മാറ്റി ഉള്ളിലേക്ക് ഇറങ്ങിയ ഇയാള്‍ പണം കണ്ടെങ്കിലും പിന്നീട് ഇറങ്ങാനോ പുറത്തേക്ക് വരാനോ സാധിക്കാതെ ഇയാള്‍ എടിഎമ്മില്‍ കുടുങ്ങി കിടക്കുകയായിരുന്നു.

പണമെടുക്കാന്‍ കയറിയതാണെന്നും തന്റെ പണം ഉള്ളില്‍ കുടുങ്ങിയതിനാല്‍ എടുക്കാനായാണ് ഉള്ളില്‍ കയറിയതെന്നും പോലീസിനോട് വിശദീകരിച്ചു. പുറത്തെടുക്കാന്‍ വൈകിയതിന് ഇയാള്‍ ആക്രോശിക്കുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റു ചെയ്ത് റിമാന്റു ചെയ്തു.

Exit mobile version