സിക്ക വൈറസ് പടര്‍ന്നു പിടിക്കുന്നു; രാജസ്ഥാനിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ്

സംസ്ഥാന ആരോഗ്യവകുപ്പാണ് വിവരം പുറത്തുവിട്ടത്. വിനോദസഞ്ചാരികള്‍ കൂടുതലായി വരുന്ന സമയത്ത് രോഗം പടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ സിക്ക വൈറസ് പടരുന്നു. ജയ്പൂരില്‍ മാത്രം ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ 153 പേരില്‍ രോഗം സ്ഥീരികരിച്ചു. സംസ്ഥാന ആരോഗ്യവകുപ്പാണ് വിവരം പുറത്തുവിട്ടത്. വിനോദസഞ്ചാരികള്‍ കൂടുതലായി വരുന്ന സമയത്ത് രോഗം പടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. രോഗം പടരാതിരിക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം രാജസ്ഥാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

കൂടാതെ, സിക്ക വൈറസ് പടരുന്നത് കാരണം ഗര്‍ഭിണികള്‍ രാജസ്ഥാനിലേക്ക് പോകരുതെന്ന് യുഎസ് ഏജന്‍സിയുടെ മുന്നറിയിപ്പുണ്ട്. ദ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനാണ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

ഗര്‍ഭകാലത്തെ സിക്ക അണുബാധ കുഞ്ഞുങ്ങളില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുമെന്നും സിഡിസി മുന്നറിയിപ്പു നല്‍കുന്നു. സിക്ക ബാധയുള്ള ഇടങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ കൊതുകു കടിയേല്‍ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ കോണ്ടം ഉപയോഗിക്കണം. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാലും സിക്ക വ്യാപനം തടയാന്‍ അവര്‍ ഈ മുന്‍കരുതലുകള്‍ എടുക്കണമെന്നും സിഡിസി മുന്നറിയിപ്പു നല്‍കുന്നു.

സിക്ക ബാധയുള്ള സ്ഥലത്തു നിന്നും തിരിച്ചെത്തി മൂന്നു മാസത്തിനു ശേഷമേ സ്ത്രീകള്‍ ഗര്‍ഭിണിയാവാന്‍ ശ്രമിക്കാവൂ. കാരണം ശരീരത്തിലെ മറ്റേതു സ്രവങ്ങളേക്കാള്‍ കൂടുതല്‍ ശുക്ലത്തില്‍ സിക്ക വൈറസിന് കൂടുതല്‍ കാലം അതിജീവിക്കാന്‍ കഴിയുമെന്നും സിഡിസി പറയുന്നു.

അതേസമയം, രാജസ്ഥാനിലെ ടൂറിസം മേഖലയെ ഈ മുന്നറിയിപ്പ് വലിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version