മുഖ്യമന്ത്രി സന്ദര്‍ശനത്തിനെത്തി; തിക്കും തിരക്കും കൂടിയതോടെ ക്ഷേത്രത്തില്‍ എത്തിയ നിരവധി പേര്‍ക്ക് പരിക്ക്

ujjain | bignewslive

ഉജ്ജയിന്‍: മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയിലെ മഹാകാലേശ്വര ക്ഷേത്രത്തില്‍, തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്ക്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, മുന്‍ മുഖ്യമന്ത്രി ഉമാ ഭാരതി എന്നിവര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനെത്തിയിരിക്കുന്നു.

ഇവര്‍ക്കൊപ്പം ജനങ്ങളും ക്ഷേത്രത്തിലേക്ക് ഇരച്ചെത്തിയതോടെ സ്ഥിതി നിയന്ത്രണാതീതമാകുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നിരവധി പേര് നിലത്ത് വീഴുന്നതിന്റെ വീഡിയോ പുറത്ത് വന്നു.

ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ തിരക്കില്‍ പെട്ട് മറിഞ്ഞു വീണു. ഇത് ദേഹത്ത് വീണ് ചിലര്‍ക്ക് പരിക്ക് പറ്റി. തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് കിണഞ്ഞുപരിശ്രമിച്ചെങ്കിലും ജനങ്ങള്‍ കൂട്ടമായി എത്തിയതോടെ പോലീസ് നിസ്സഹായരാവുകയായിരുന്നു.

വിഐപികള്‍ക്ക് ഒപ്പം ജനങ്ങളും സന്ദര്‍ശനത്തിന് ശ്രമിച്ചതോടെയാണ് തിക്കും തിരക്കുമുണ്ടായതെന്ന് ജില്ലാ കളക്ടര്‍ ആശിഷ് സിങ് വ്യക്തമാക്കി.അടുത്ത തിങ്കളാഴ്ച കൃത്യമായി ആസൂത്രണം നടത്തി സാമൂഹിക അകലം ഉറപ്പാക്കി മാത്രമേ ക്ഷേത്ര സന്ദര്‍ശനം അനുവദിക്കൂവെന്നും കളക്ടര്‍ പറഞ്ഞു.

കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് സ്വീകരിച്ചതോ, നെഗറ്റീവ് ആര്‍.ടി.പി.സി.ആര്‍ റിപ്പോര്‍ട്ട് കൈവശമുള്ളതോ ആയ ഭക്തര്‍ക്ക് മാത്രമാണ് ഇവിടെ ദര്‍ശനത്തിന് അനുമതി നല്‍കുന്നത്. ദിവസം 3500 പേരെയാണ് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കുന്നത്.

Exit mobile version