ബംഗാളില്‍ 20 സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്ന് അമിത് ഷാ; കൈയ്യിലുള്ള രണ്ടു സീറ്റുകള്‍ നഷ്ടപ്പെടാതെ നോക്കണമെന്ന് ത്രിണമൂല്‍ കോണ്‍ഗ്രസ്

പശ്ചിമ ബംഗാളില്‍ നിലവില്‍ ബിജെപിക്കുള്ള രണ്ടു സീറ്റുകള്‍ നഷ്ടപ്പെടാതെ നോക്കുന്നതിലാണ് ബിജെപി കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് എന്ന് ഡെറിക് പറഞ്ഞു.

ന്യൂഡല്‍ഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ 20 സീറ്റുകള്‍ ബിജെപി പിടിക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയെ പരിഹസിച്ച് ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയാന്‍. പശ്ചിമ ബംഗാളില്‍ നിലവില്‍ ബിജെപിക്കുള്ള രണ്ടു സീറ്റുകള്‍ നഷ്ടപ്പെടാതെ നോക്കുന്നതിലാണ് ബിജെപി കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് എന്ന് ഡെറിക് പറഞ്ഞു.

‘പശ്ചിമ ബംഗാളില്‍ 20 സീറ്റുകള്‍ പിടിക്കുമെന്ന വാഗ്ദാനങ്ങള്‍ നടത്തുന്നതിനു പകരം, കയ്യിലുള്ള സീറ്റുകള്‍ പോകാതെ നോക്കാനാണ് ബിജെപി ശ്രമിക്കേണ്ടതെന്നും, അല്ലാത്ത പക്ഷം രസഗുള(ബംഗാളി മധുര പലഹാരം) പോലെ വട്ടത്തില്‍ ആയിരിക്കും സംസ്ഥാനത്തെ ബിജെപി’യെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 42ല്‍ 23 സീറ്റുകള്‍ സംസ്ഥാനത്ത് ബിജെപി നേടുമെന്ന് നേരത്തെ അമിത് ഷാ അവകാശപ്പെട്ടിരുന്നു. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ നിന്ന് അസന്‍സോള്‍, ഡാര്‍ജീലിങ്ങ് എന്നിങ്ങനെ രണ്ടു സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്.

‘അവര്‍ 15 ലക്ഷം രൂപ നമ്മുടെ ബാങ്ക് അക്കൗണ്ടുകളില്‍ വരുമെന്ന് പറഞ്ഞിരുന്നു, അത് ജുംല (പൊള്ളയായ വാഗ്ദാനം) ആയിരുന്നു. വര്‍ഷം 2 കോടി തൊഴില്‍ സാധ്യതകള്‍ ഉണ്ടാക്കുമെന്നു പറഞ്ഞു, അതും ജുംലയായിരുന്നു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് ഇവരുടെ വാദവും അതു തന്നെ’- അദ്ദേഹം പറഞ്ഞു.

Exit mobile version