കൊവിഡ് ബാധിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍, ജീവിതത്തിലേയ്ക്കുള്ള മടക്കം അസാധ്യം, ഭര്‍ത്താവില്‍ നിന്നുതന്നെ ഗര്‍ഭം ധരിക്കണമെന്ന് ഭാര്യ; ഒടുവില്‍ ബീജം ശേഖരിക്കാന്‍ കോടതി ഉത്തരവ്

Critical Covid Patient | Bignewslive

അഹമ്മദാബാദ്: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള ഭര്‍ത്താവില്‍ നിന്നു തന്നെ ഗര്‍ഭം ധരിക്കണമെന്ന ഭാര്യയുടെ പരാതിയില്‍ ഹൈക്കോടതിയുടെ അനുകൂല വിധി. അസാധാരണമാം വിധം അടിയന്തര സാഹചര്യമെന്ന് വിശേഷിപ്പിച്ച് ബീജം ശേഖരിക്കാനാണ് കോടതി വഡോദരയിലുള്ള ആശുപത്രിക്ക് നിര്‍ദേശം നല്‍കിയത്.

ഒരുവര്‍ഷംമുമ്പായിരുന്നു പരാതിക്കാരിയുടെ വിവാഹം. അടുത്തിടെ, കോവിഡ് ബാധിച്ച ഭര്‍ത്താവിന്റെ അവയവങ്ങള്‍ പലതും തകരാറിലായി. വെന്റിലേറ്ററില്‍ കഴിയുന്ന ഇദ്ദേഹം ജീവിതത്തിലേക്ക് മടങ്ങാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാരും അറിയിച്ചു. അദ്ദേഹത്തിന്റെ കുഞ്ഞിനെത്തന്നെ തനിക്ക് ഗര്‍ഭം ധരിക്കണമെന്ന് ഒടുവില്‍ ഭാര്യ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

ബീജം ഐ.വി.എഫ്. (ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍), എ.ആര്‍.ടി. (അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്നോളജി) വഴി ശേഖരിക്കണമെങ്കില്‍ ദാതാവിന്റെ സമ്മതം ആവശ്യമാണ്. എന്നാല്‍ രോഗിക്ക് ബോധമില്ലാത്തതിനാല്‍ സമ്മതമില്ലാതെ ബീജം ശേഖരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അശുതോഷ് ജെ. ശാസ്ത്രി അനുമതി നല്‍കി. ബീജം ശേഖരിച്ച് ആശുപത്രിയില്‍ സൂക്ഷിക്കാമെങ്കിലും തുടര്‍നടപടികള്‍ ഹര്‍ജിയുടെ അന്തിമതീര്‍പ്പിന് വിധേയമായിരിക്കും.

Exit mobile version