കാലവര്‍ഷം ശക്തിപ്രാപിച്ചു, ജലനിരപ്പുയര്‍ന്നു; വീണ്ടും ഒഴുകി നടന്ന് മൃതദേഹങ്ങള്‍! 24 മണിക്കൂറിനുള്ളില്‍ സംസ്‌കരിച്ചത് 40 ഓളം മൃതദേഹങ്ങള്‍

Water Rises In Ganga | Bignewslive

ലഖ്നൗ: കാലവര്‍ഷം ശക്തിപ്രാപിക്കുകയും ജലനിരപ്പ് ഉയരുകയും മണല്‍തിട്ടകള്‍ തകരുകയും ചെയ്തു. ഇതോടെ പ്രയാഗ് രാജില്‍ വീണ്ടും ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുവാന്‍ തുടങ്ങി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 40 ഓളം മൃതദേഹങ്ങള്‍ സംസ്‌കരിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. ഇവയെല്ലാം ഗംഗാ നദിയില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു.

മൃതദേഹങ്ങള്‍ കോവിഡ് രോഗികളുടേതാണെന്ന സംശയം ഉയരുന്നുണ്ട്. എന്‍ഡിടിവി, ന്യൂസ് 18 അടക്കമുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി പ്രയാഗ് രാജിലെ വിവിധ ഇടങ്ങളില്‍ നിന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ ചിത്രീകരിച്ച വീഡിയോകളിലും ചിത്രങ്ങളിലും അധികൃതര്‍ മൃതദേഹങ്ങള്‍ നദിയില്‍ നിന്ന് പുറത്തെടുക്കുന്നത് കാണാം.

ഇതിനൊപ്പം, വായില്‍ ടൂബ് ഘടിപ്പിച്ച നിലയിലുള്ള ഒരു മൃതദേഹവും കണ്ടെത്തിയിരുന്നു. പ്രയാഗ് രാജ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള സംഘമാണ് മൃതദേഹം പുറത്തെടുത്തത്. കണ്ടെത്തിയ എല്ലാ മൃതദേഹങ്ങളും സംസ്‌കരിക്കുകയും ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുകയും ചെയ്തുവെന്നും അധികൃതര്‍ അറിയിക്കുന്നു.

Exit mobile version