നാസിക്: കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ശരീരത്തിന് കാന്തികശക്തി ലഭിച്ചുവെന്ന വിചിത്രവാദവുമായി മഹാരാഷ്ട്ര നാസിക് സ്വദേശി. അരവിന്ദ് സോണര്‍ എന്ന മധ്യവയസ്‌കനാണ് വിചിത്ര വാദവുമായി രംഗത്തെത്തിയത്.
വാക്സിന്റെ രണ്ടാം ഡോസ് കുത്തിവച്ചശേഷം തന്റെ ശരീരത്തിന് കാന്തികശക്തി ലഭിച്ചുവെന്നാണ് അരവിന്ദിന്റെ വാദം. ലോഹവസ്തുക്കള്‍ തന്റെ ശരീരത്തില്‍ ഒട്ടിപ്പിടിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. അത് സത്യമാണെന്ന് തെളിയിക്കാന്‍ അദ്ദേഹം ഒരു വീഡിയോയും തയ്യാറാക്കിയിട്ടുണ്ട്. പാത്രങ്ങള്‍, സ്പൂണുകള്‍, നാണയങ്ങള്‍ എന്നിവ അരവിന്ദ് സോണറുടെ ശരീരത്തില്‍ ഒട്ടിപ്പിടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
നാണയങ്ങള്‍ അടക്കമുള്ളവ വിയര്‍പ്പ് കാരണം ശരീരത്തില്‍ ഒട്ടിപ്പിടിക്കുന്നതാവാം എന്നാണ് കരുതിയിരുന്നത്. എന്നാല്‍, കുളിച്ച് വന്നതിന് ശേഷവും ലോഹവസ്തുക്കള്‍ ഒട്ടിപ്പിടിക്കുന്നുണ്ട്. ഇതോടെ ബന്ധുക്കളും വിശ്വസിക്കുകയും ചെയ്തു. വിവരമറിഞ്ഞ് നാസിക് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഡോക്ടര്‍മാര്‍ സോണറെ സന്ദര്‍ശിച്ചിരുന്നു. വാക്സിനേഷന്‍ കാരണമാണ് അങ്ങനെ സംഭവിക്കുന്നത് എന്ന് പറയാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നു. വിശദമായ അന്വേഷണത്തിലൂടെ മാത്രമെ കാന്തശക്തിയുടെ കാരണം കണ്ടെത്താന്‍ കഴിയൂ എന്ന് ഡോ. അശോക് തോറാട്ട് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.