ആദ്യം വീട്ടുജോലിക്കാരി, പിന്നെ സഹോദരി; ഇപ്പോള്‍ ഭാരതി എനിക്ക് ‘ലോക്ഡൗണ്‍ മോം’; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടന്‍ മോഹിത് മല്‍ഹോത്ര

വീട്ടില്‍ എത്തിയ വീട്ടുജോലിക്കാരി ഭാരതി ലോക്ഡൗണ്‍ മോം ആയ കഥ ഹൃദയത്തില്‍ തൊട്ട കുറിപ്പുമായി നടന്‍ മോഹിത് മല്‍ഹോത്ര. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മനസ് നിറയ്ക്കുന്ന കഥ പങ്കുവെച്ചത്. ഒപ്പം ഭാരതിക്ക് ഒപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

കുറിപ്പ് ഇങ്ങനെ;

12 വര്‍ഷമായി മുംബൈയിലാണ് ഞാന്‍ താമസിക്കുന്നത്. ഷൂട്ടിങ്ങ് തിരിക്കുകളില്‍ മുഴുകിയപ്പോള്‍ എനിക്ക് വീട്ടില്‍ ഒരു സഹായിയെ ആവശ്യമായി വന്നു. അങ്ങനെയാണ് ഭാരതി എന്റെ ജീവിതത്തിലേക്ക് വരുന്നത്. വീട്ടിലെ എല്ലാ ഭാരങ്ങളും ഭാരതി ഏറ്റെടുത്തു. എനിക്കിഷ്ടമുള്ള വിഭവങ്ങള്‍ എന്താണെന്നറിയാന്‍ അമ്മയുമായി ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. പുതിയ റെസിപ്പികള്‍ പഠിക്കാന്‍ ഗൂഗിളില്‍ തിരയാന്‍ പഠിക്കുകയും ചെയ്തു. ഭാരതിയുടെ തായ് കറി അതിഗംഭീരമാണ്.

ഞാന്‍ എന്തെല്ലാമാണ് കഴിക്കുന്നതെന്ന് ഭാരതി കൃത്യമായി മനസ്സിലാക്കിയിരുന്നു. വൈകി വരുന്ന ദിവസങ്ങളില്‍ പുറത്ത് നിന്ന് ഭക്ഷണം വരുത്തി കഴിക്കുന്ന ശീലമുണ്ട്. ഒട്ടും ആരോഗ്യകരമല്ലാത്ത ഭക്ഷണമാണ് കഴിച്ചിരുന്നത്. അതെല്ലാം ഭാരതി നിരുത്സാഹപ്പെടുത്തിയിരുന്നു. ഞാന്‍ മര്യാദയ്ക്ക് ഭക്ഷണം കഴിച്ചില്ലെങ്കില്‍ അമ്മയെ വിളിച്ച് പരാതി പറയും. ക്രമേണ ഞാനും ഭാരതിയും നന്നായി അടുത്തു. എന്റെ സ്വന്തം സഹോദരിയെപ്പോലെയാണ് എനിക്ക് തോന്നിയത്. ഭാരതിയുടെ മകന്‍ രോഹിതുമായും എനിക്ക് അടുപ്പമുണ്ട്. അവന് ഉപരിപഠനത്തിന് പോകണമെന്ന് എന്നോടൊരിക്കല്‍ പറഞ്ഞു. ഭാരതിയുടെ സാമ്പത്തികസ്ഥിതി നന്നായി അറിയാവുന്നതിനാല്‍ ഞാന്‍ ചെലവുകള്‍ ഏറ്റെടുത്തു.

ലോക്ഡൗണില്‍ ഞാന്‍ ഡല്‍ഹിയില്‍ കുടുങ്ങിപ്പോയി. ഭാരതി എന്റെ വീട്ടിലും. എന്നിരുന്നാലും ഞാന്‍ ശമ്പളം മുടക്കിയിരുന്നില്ല. എല്ലാ ദിവസവും ഞങ്ങള്‍ പരസ്പരം വിളിക്കും. ആരോഗ്യവിവരങ്ങളെക്കുറിച്ച് അന്വേഷിക്കും. മൂന്ന് മാസത്തിന് ശേഷം ഞാന്‍ മുംബൈയില്‍ മടങ്ങിയെത്തി. ഭാരതി എനിക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കി കാത്തിരിക്കുകയായിരുന്നു. ഏഴ് മാസത്തിനുള്ളില്‍ ഭാരതിയ്ക്ക് ഉദ്യോഗക്കയറ്റം ലഭിച്ചു. ആദ്യം എന്റെ സഹോദരിയായി, പിന്നീട് അമ്മയായി മാറി. ഇനി മുതല്‍ ലോക്ഡൗണ്‍ മോം എന്ന് വിളിക്കുമെന്ന് ഞാന്‍ ഭാരതിയോട് തമാശയായി പറയാറുണ്ട്. അത് കേള്‍ക്കുമ്പോള്‍ ഭാരതി ചിരിക്കും.

Exit mobile version