മഴയത്ത് കൃഷിയിടത്തില്‍ തെളിഞ്ഞ് വന്നത് തിളക്കമുള്ള ഒരു കല്ല്; മൂല്യം 1.2 കോടി രൂപ, ഒറ്റ മഴ കാരണം കോടിപതിയായി ആന്ധ്രയിലെ കര്‍ഷകന്‍!

ആന്ധ്രാപ്രദേശ്: ഒരു മഴ പെയ്ത് ഒഴിഞ്ഞപ്പോഴെക്കും കോടിപതിയായി ആന്ധ്രാപ്രദേശിലെ ഒരു കര്‍ഷകന്‍. ആന്ധ്രയിലെ കൂര്‍നൂല്‍ ജില്ലയിലെ ചിന്ന ജോനാഗിരി പ്രദേശത്തുള്ള കര്‍ഷകനാണ് ഒരു മഴ പെയ്ത് ഒഴിഞ്ഞതോടെ കോടീശ്വരനായത്. കൃഷിയിടത്തില്‍ മഴ പെയ്ത് ഒഴിഞ്ഞപ്പോള്‍ തിളക്കമുള്ള ഒരു കല്ല് പ്രത്യക്ഷപ്പെടുകയായിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് വജ്രമാണെന്ന് തിരിച്ചറിഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്.

കര്‍ഷകന്റെ കൃഷിയിടത്തില്‍ നിന്നാണ് വജ്രം കണ്ടെത്തിയത്. കനത്ത മഴയെ തുടര്‍ന്ന് മേല്‍മണ്ണ് ഇളകിയപ്പോഴാണ് വജ്രം കണ്ടത്. 30 കാരറ്റ് വജ്രമാണ് കര്‍ഷകന് കൃഷിയിടത്തില്‍ നിന്നും ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വജ്രം കിട്ടിയപ്പോള്‍ തന്നെ പ്രാദേശിക വ്യാപാരിയെ സമീപിച്ചെന്നും ഇയാള്‍ക്ക് 1.2 കോടി രൂപയ്ക്ക് വജ്രം വിറ്റെന്നും കര്‍ഷകന്‍ പറയുന്നു. സംഭവം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് വിഷയത്തില്‍ ഇടപെടുന്നത്. കര്‍ഷകന് വജ്രം കിട്ടിയ കാര്യം പോലീസ് സ്ഥിരീകരിച്ചു.

സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. ഇതിന് മുന്‍പും കൂര്‍നൂല്‍ ജില്ലയില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് മേധാവി ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. 2019 ലും കൃഷിയിടത്തില്‍ നിന്നും ഒരു കര്‍ഷകന് 60 ലക്ഷം രൂപയോളം വിലമതിക്കുന്ന വജ്രം ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷവും 56 ലക്ഷം രൂപ വിലമതിക്കുന്ന വജ്രം കിട്ടിയിരുന്നു.

Exit mobile version