1,72,290 രൂപ അടങ്ങിയ ബാഗ് നഷ്ടമായെന്ന് ഭിക്ഷക്കാരന്‍; മണിക്കൂറുകള്‍ക്കുള്ളില്‍ ബാഗ് കണ്ടെത്തി കൈകളില്‍ ഏല്‍പ്പിച്ച് പോലീസ്, ബാങ്ക് അക്കൗണ്ട് തുടങ്ങി പണം സൂക്ഷിക്കൂവെന്ന് ഉപദേശവും

Beggar’s bag | Bignewslive

മുംബൈ: 1,72,290 രൂപ അടങ്ങിയ തന്റെ ബാഗ് നഷ്ടമായെന്ന പരാതിയുമായി ഭിക്ഷക്കാരന്‍ പോലീസ് സ്‌റ്റേഷനിലെത്തി. മഹാരാഷ്ട്രയിലെ പാര്‍ലി പോലീസ് സ്റ്റേഷനിലാണ് ഭിക്ഷാടകനായ ബാബുറാവു നായിക്വാഡെ എന്ന വയോധികന്‍ നിറകണ്ണുകളോടെ പരാതിയുമായി എത്തിയത്.

ഇയാള്‍ വൈജ്‌നാഥ് ക്ഷേത്രത്തിന് സമീപത്താണ് ഭിക്ഷയാചിച്ച് ജീവിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് ഇയാള്‍ പരാതിയുമായി സ്റ്റേഷനിലെത്തിയത്. പരാതി ആദ്യം താങ്കളെ അമ്പരപ്പിച്ചുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍, പിന്നീട് പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതായും അന്വേഷണം നടത്തിയെന്നും പോലീസ് അറിയിച്ചു.

വര്‍ഷങ്ങളായി ക്ഷേത്രത്തിന് സമീപം ഭിക്ഷയാചിച്ചാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. ഭക്ഷണമായും പണമായും ക്ഷേത്രത്തിലെത്തുന്നവര്‍ ഇയാളെ സഹായിക്കാറുണ്ട്. പരാതിയില്‍ അന്വേഷണം തുടങ്ങിയ പോലീസ് മൂന്നുമണിക്കൂറിനുള്ളില്‍ ബാഗ് കണ്ടെത്തി. രാംനഗര്‍ തണ്ടയ്ക്ക് സമീപമുള്ള സ്ഥലത്ത് നിന്നാണ് ബാഗ് കണ്ടെത്തിയത്.

വയോധികന്‍ പറഞ്ഞ പണം അതുപോലെ തന്നെ ബാഗില്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ബാഗ് മോഷ്ടിക്കപ്പെട്ടതാണോ നഷ്ടപ്പെട്ടുപോയതാണോ എന്ന് അന്വേഷിച്ചുവരികയാണ്. ബാങ്കില്‍ ഒരു അക്കൗണ്ട് തുടങ്ങി പണം അങ്ങോട്ട് മാറ്റാന്‍ പോലീസ് നിര്‍ദേശം നല്‍കുകയും ചെയ്തു. നിറഞ്ഞ മനസോടെയാണ് വയോധികന്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും മടങ്ങിയത്.

Exit mobile version