‘ഞങ്ങള്‍ പൂര്‍ണ ആരോഗ്യവാന്മാര്‍,വാക്‌സീന്റെ ആവശ്യമില്ല’:വാക്‌സീനെടുക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നാട്ടുകാരുടെ മര്‍ദനം

Vaccination | Bignewslive

ഉജ്ജയിന്‍ : കോവിഡ് വാക്‌സീനെപ്പറ്റി ബോധവത്കരണം നടത്താനെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നാട്ടുകാരുടെ വക മര്‍ദനം. മധ്യപ്രദേശിലെ ഉജ്ജയിനിയിലാണ് സംഭവം.

മലിഖെഡി എന്ന ഗ്രാമത്തിലെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് പ്രതിരോധ വാക്‌സീനെക്കുറിച്ച് ഗ്രാമവാസികളെ ബോധവത്കരിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ശകാരവാക്കുകള്‍ ചൊരിഞ്ഞ നാട്ടുകാര്‍ അസിസ്റ്റന്റ് സെക്രട്ടറിയുടെ ഭര്‍ത്താവിന്റെ തലയില്‍ വടി ഉപയോഗിച്ച് അടിച്ചു.സംഭവത്തില്‍ നാല് പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്.

വാക്‌സീനെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനും ജനങ്ങള്‍ക്ക് വാക്‌സീന്‍ നല്‍കുന്നതിനും വേണ്ടിയാണ് അവിടെ എത്തിയതെന്നും എന്നാല്‍ തങ്ങള്‍ പൂര്‍ണ ആരോഗ്യവാന്മാരാണ് എന്നും വാക്‌സീന്റെ ആവശ്യമില്ല എന്നുമായിരുന്നു നാട്ടുകാരുടെ നിലപാടെന്ന് അസിസ്റ്റന്റ് സെക്രട്ടറി റേഷ്മ ഖുറേഷിയുടെ ഭര്‍ത്താവ് മുഹമ്മദ് ഖുറേഷി പറഞ്ഞു.”സംസാരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാം എന്ന് കരുതിയ ഞങ്ങളെ അവര്‍ കൂട്ടത്തോടെ എത്തി ആക്രമിച്ചു.ഇതിനിടയില്‍ എന്റെ തലയ്ക്കും പരിക്കേറ്റു.അമ്പതോളം പേര്‍ ചേര്‍ന്നാണ് ആക്രമണം അഴിച്ചുവിട്ടത്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യപ്രവര്‍ത്തകരെ നാട്ടുകാര്‍ ആക്രമിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതില്‍ നിന്ന് തിരിച്ചറിയുന്നവര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

Exit mobile version