ടൗട്ടേ ചുഴലിക്കാറ്റ്; മുംബൈ ബാര്‍ജ് ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരില്‍ വയനാട് സ്വദേശിയും, ഇതുവരെ കണ്ടെടുത്തത് 37 മൃതദേഹങ്ങള്‍

tauktae cyclone | Bignewslive

മുംബൈ: ടൗട്ടേ ചുഴലിക്കാറ്റില്‍ പെട്ട് അറബിക്കടലില്‍ ബാര്‍ജ് മുങ്ങിയുണ്ടായ ദുരന്തത്തില്‍ 37ഓളം പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതില്‍ കേരളക്കരയെ ഞെട്ടിച്ച് മലയാളിയുടെയും മൃതദേഹം കണ്ടെടുത്തു. വയനാട് പള്ളിക്കുന്ന് ഏച്ചോം സ്വദേശി ജോമിഷ് ജോസഫാണ് ടൗട്ടേ ചുഴലിക്കാറ്റ് ദുരന്തത്തിന് ഇരയായത്. 35 വയസായിരുന്നു.

ബോസ്റ്റഡ് കണ്‍ട്രോള്‍ ആന്‍ഡ് ഇലക്ട്രിക്കല്‍സിലെ ജീവനക്കാരനായിരുന്നു. അപകടത്തില്‍ പി-305 ബാര്‍ജിലെ 186 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്താനായത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. അപകടത്തില്‍പ്പെട്ട 38 പേരെക്കൂടി ഇനി കണ്ടെത്താനുണ്ട്. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും എല്ലാ മൃതദേഹങ്ങളും ബാര്‍ജിലുള്ളവരുടേതു തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും നാവികസേനാ അധികൃതര്‍ അറിയിച്ചു.

മൂന്നുദിവസം നീണ്ട കഠിനപ്രയത്‌നത്തിലാണ് നാവികസേനയും തീരരക്ഷാ സേനയും ചേര്‍ന്ന് 186 പേരെ രക്ഷപ്പെടുത്തിയത്. ഇവരെയും കണ്ടെടുത്ത മൃതദേഹങ്ങളും വഹിച്ചുകൊണ്ട് നാവികസേനയുടെ ഐ.എന്‍.എസ്. കൊച്ചി എന്ന കപ്പല്‍ ബുധനാഴ്ച മുംബൈ തുറമുഖത്തെത്തി.

മറ്റൊരു ബാര്‍ജായ ഗാല്‍ കണ്‍സ്ട്രക്ടറിലെ 137 പേരെ ചൊവ്വാഴ്ച രക്ഷപ്പെടുത്തിയിരുന്നു. ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ച തിങ്കളാഴ്ച മുംബൈയില്‍ നിന്ന് 35 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ മുങ്ങിപ്പോയ ഭീമന്‍ ചങ്ങാടത്തില്‍ എണ്ണഖനനവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്ന 261 പേരാണ് ഉണ്ടായിരുന്നത്.

Exit mobile version