ഞങ്ങളുടെ കുട്ടികള്‍ക്ക് നല്‍കേണ്ട വാക്‌സിന്‍ എന്തിന് വിദേശത്തേയ്ക്ക് കയറ്റി അയക്കുന്നു..? മോഡിയോട് ചോദ്യങ്ങളാല്‍ നിറഞ്ഞ് പോസ്റ്ററുകള്‍, അഞ്ച് പേര്‍ അറസ്റ്റില്‍

PM Modi | Bignewslive

ന്യൂഡല്‍ഹി: വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. അപകീര്‍ത്തികരമായ പോസ്റ്ററൊട്ടിച്ചുവെന്നതിന്റെ പേരിലാണ് ഇവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം, ആരെയാണ് അറസ്റ്റ് ചെയ്തതെന്നോ അറസ്റ്റിന്റെ മറ്റ് വിവരങ്ങളോ പുറത്ത് വിടാന്‍ പോലീസ് അധികൃതര്‍ തയ്യാറായിട്ടില്ല. ഞങ്ങളുടെ കുട്ടികള്‍ക്ക് നല്‍കേണ്ട വാക്‌സിന്‍ എന്തിന് വിദേശത്തേക്ക് കയറ്റി അയക്കുന്നു എന്നടക്കമുള്ള ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിലെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

ഏതെങ്കിലും സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ, സംഘടനയുടെയോ പേര് നല്‍കാതെയാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. ഇത് ശ്രദ്ധയില്‍പെട്ടതോടെയാണ് പോലീസ് നടപടി കൈകൊണ്ടിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പോസ്റ്റര്‍ പതിച്ചവരെ കണ്ടെത്തിയത്. എന്നാല്‍ തങ്ങളെ ഒരു കൗണ്‍സിലറാണ് പോസ്റ്റര്‍ പതിക്കാനുള്ള ജോലി ഏല്‍പ്പിച്ചതെന്നും മറ്റൊന്നും അറിയില്ലെന്നും ഇവര്‍ ചോദ്യം ചെയ്യലില്‍ പ്രതികരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

Exit mobile version