മൂക്കില്‍ ട്യൂബുമായി ഗോവ മുഖ്യമന്ത്രി പരീക്കര്‍ പൊതു പരിപാടിയില്‍; ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം

ഞായറാഴ്ചയാണ് പരീക്കര്‍ മണ്ഡോവി ,സുവാരി നദികള്‍ക്ക് കുറുകെ പണിയുന്ന പാലങ്ങളുടെ പണി വിലയിരുത്താനെത്തിയത്.

പനാജി: അര്‍ബുദ ബാധയെ തുടര്‍ന്ന് ഒമ്പത് മാസമായി ചികിത്സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ ശാരീരിക അവശതകള്‍ കണക്കിലെടുക്കാതെ പൊതു പരിപാടിക്ക് എത്തിച്ചതില്‍ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശം.

ഞായറാഴ്ചയാണ് പരീക്കര്‍ മണ്ഡോവി ,സുവാരി നദികള്‍ക്ക് കുറുകെ പണിയുന്ന പാലങ്ങളുടെ പണി വിലയിരുത്താനെത്തിയത്. ചികിത്സയില്‍ തുടരുന്നതിനാല്‍ മൂക്കിലൂടെ ട്യൂബ് ഇട്ട അവസ്ഥയില്‍ തന്നെയാണ് അദ്ദേഹം എത്തിയത്. രോഗിയായ പരീക്കറെ പൊതു സ്ഥലത്തേക്ക് വലിച്ചിഴച്ച് പ്രതിച്ഛായ നിലനിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷാരോപണം.

പരീക്കര്‍ പാലം നിര്‍മിക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന്റെ ഫോട്ടോ കണ്ട് ജമ്മു കാശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തികച്ചും മനുഷ്യത്വരഹിതമായ പ്രവൃത്തി എന്ന് ഇതിനെ വിശേഷിപ്പിച്ചു. തികച്ചും അനാരോഗ്യവാനായ പരീക്കറെ ചുമതലകളിലേക്ക് വലിച്ചിഴയ്ക്കുന്നതും ഫോട്ടോയെടുത്ത് പ്രസിദ്ധീകരിക്കുന്നതും അദ്ദേഹത്തിന്റെ രോഗാവസ്ഥയെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

പരീക്കറിന്റെ രോഗബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ഭരണം നിശ്ചലാവസ്ഥയിലാണെന്നും പരീക്കര്‍ രാജി വെച്ച് അധികാരമൊഴിയണമെന്നും കോണ്‍ഗ്രസ് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പരീക്കറിന്റെ ഭരണകാര്യങ്ങളിലേക്കുള്ള പുനഃപ്രവേശമെന്നാണ് വിലയിരുത്തല്‍. ചികിത്സയിലിരിക്കുന്ന ഒരു വ്യക്തിയുടെ അവസ്ഥ കണക്കിലെടുക്കാതെ പൊതുരംഗത്തേക്ക് വലിച്ചിഴച്ച് അധികാരം നിലനിര്‍ത്താനുള്ള ശ്രമം നടത്തുന്നത് പാര്‍ട്ടിക്ക് അനുയോജ്യമാണോയെന്ന് കോണ്‍ഗ്രസിന്റെ പ്രിയങ്ക ചതുര്‍വേദിയും ട്വീറ്ററിലൂടെ ആരാഞ്ഞു.

എന്നാല്‍ പരീക്കറെ നിര്‍ബന്ധപൂര്‍വ്വം കൊണ്ടുവന്നതല്ലെന്നും പരീക്കറുടെ സ്വപ്നപദ്ധതിയായതിനാല്‍ സ്വന്തം ഇഷ്ടപ്രകാരമാണ് അദ്ദേഹം സന്ദര്‍ശനത്തിനെത്തിയതെന്നുമാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്.

Exit mobile version