തെരഞ്ഞെടുപ്പിലെ തോല്‍വി; കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തില്‍ കൂട്ടരാജി, കമലിന്റെ പ്രവര്‍ത്തനശൈലി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് നേതാക്കള്‍

Haasan’s party | Bignewslive

ചെന്നൈ: തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ഉലകനായകന്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തില്‍ കൂട്ടരാജി. പാര്‍ട്ടി പ്രസിഡന്റ് കമലിന്റെ നേതൃത്വത്തെ ചോദ്യം ചെയ്താണ് നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നത്.

വൈസ് പ്രസിഡന്റുമാരായ ആര്‍. മഹേന്ദ്രന്‍, പൊന്‍രാജ് അടക്കം പ്രധാനനേതാക്കളായ പത്തോളംപേരാണ് ഇതിനകം തന്നെ പാര്‍ട്ടി വിട്ടത്. കമലിന്റെ പ്രവര്‍ത്തനശൈലി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ചില ഉപദേശകരുടെ കൈപ്പിടിയിലാണെന്നും രാജിസമര്‍പ്പിച്ചതിനുശേഷം മഹേന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ജനറല്‍ സെക്രട്ടറിമാരായ എ.ജി. മൗര്യ, ഉമാദേവി, സി.കെ. കുമാരവേല്‍, എം. മുരുകാനന്ദം, ഉപദേശകന്‍ സുരേഷ് അയ്യര്‍ എന്നിവരും കമല്‍ഹാസന്റെ പ്രവര്‍ത്തനശൈലിയില്‍ പ്രതിഷേധിച്ചാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രചാരണം ശരിയായ ദിശയിലല്ലെന്നും, ഇതേക്കുറിച്ച് പറഞ്ഞിട്ടും അംഗീകരിക്കാന്‍ കമല്‍ഹാസന്‍ തയ്യാറായില്ലെന്നും മഹേന്ദ്രന്‍ ആരോപിച്ചു. ഒരിടത്തുപോലും ജയിക്കാന്‍കഴിഞ്ഞില്ലെങ്കിലും ശൈലിമാറ്റാന്‍ കമല്‍ തയ്യാറാകുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി വിടുന്നതെന്ന് മഹേന്ദ്രന്‍ അറിയിച്ചു.

ഡോക്ടറും ബിസിനസുകാരനുമായ മഹേന്ദ്രന്‍ ഇത്തവണ കോയമ്പത്തൂരിലെ സിങ്കാനല്ലൂരില്‍ മത്സരിച്ചിരുന്നു. എ.ജി. മൗര്യ മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്. മുന്‍ രാഷ്ട്രപത്രി ഡോ. അബ്ദുല്‍കലാമിന്റെ ശാസ്ത്ര ഉപദേശകനായിരുന്നു പൊന്‍രാജ്. പാര്‍ട്ടിയില്‍ സ്വയവിമര്‍ശനം സാധിക്കാത്തതാണ് രാജിക്കുകാരണമെന്ന് പൊന്‍രാജ് പറഞ്ഞു. നിയമസഭയില്‍ സീറ്റുകിട്ടാത്തതില്‍ പ്രതിഷേധിച്ച് സ്ഥാപകനേതാക്കളില്‍ ഒരാളായ കമീല നാസര്‍ മുമ്പ് സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു. പിന്നാലെയാണ് കൂട്ടരാജി. ഇതോടെ കമലും പാര്‍ട്ടിയും പ്രതിരോധത്തിലായിരിക്കുകയാണ്.

Exit mobile version