കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് 14 ദിവസത്തിന് ശേഷം രക്തം ദാനം ചെയ്യാം; 28 ദിവസം എന്ന കാലാവധി പിന്‍വലിച്ചു

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് 14 ദിവസത്തിന് ശേഷം രക്തം ദാനം ചെയ്യാന്‍ അനുമതി. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റേതാണ് അനുമതി. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. നേരത്തെ ഉത്തരവ് പ്രകാരം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ 28 ദിവസം കഴിഞ്ഞേ രക്തം ദാനം ചെയ്യാവൂ എന്നായിരുന്നു. ഈ കാലാവധിയാണ് കുറച്ചിരിക്കുന്നത്.

ജീവനുള്ള വൈറസിനെ ഉപയോഗിച്ചുള്ള വാക്‌സിന്‍ അല്ലാത്തതിനാല്‍ നീണ്ട കാലാവധി ആവശ്യമില്ലെന്നാണ് നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലിന്റെ നിഗമനം. അതിനാല്‍ വാക്‌സിന്റെ ഓരോ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞ് രക്തം ദാനം ചെയ്യാം. രക്തദാനത്തിനുള്ള മറ്റ് മാനദണ്ഡങ്ങളെല്ലാം പാലിക്കേണ്ടതുണ്ടെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4,12,262 കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് റിപ്പോര്‍ട്ടാണിത്. 3,980 മരണവും ഇന്ത്യയിലുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,29,113 പേര്‍ രോഗമുക്തരായി എന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4,12,262 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,10,77,410 ആയി. ആകെ രോഗമുക്തരായവരുടെ എണ്ണം 1,72,80,844 ആണ്. കൊവിഡ് ബാധിച്ച് ഇതുവരെ 23,01,68 പേര്‍ രാജ്യത്ത് മരിച്ചതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ 35,66,398 പേര്‍ ചികിത്സയിലുണ്ട്. 16,25,13,339 പേര്‍ക്ക് ഇതുവരെ വാക്സിന്‍ നല്‍കിയിട്ടുണ്ട്. രോഗബാധയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് മഹാരാഷ്ട്രയാണ്. 57,000 രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവിടെ ഉണ്ടായത്. കര്‍ണാടകത്തിലും കേരളത്തിലും കേസുകള്‍ കുത്തനേ കൂടുകയാണ്. കര്‍ണാടകത്തില്‍ അമ്പതിനായിരവും കേരളത്തില്‍ 41,953 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Exit mobile version