ബിജെപിയെ കശക്കിയെറിഞ്ഞ് അധികാരം പിടിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്

ബിജെപിയുടെ ഭരണം അവസാനിപ്പിച്ച് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്.

ഭോപ്പാല്‍: വര്‍ഷങ്ങളായി അധികാരത്തിലിരിക്കുന്ന ബിജെപിയെ കശക്കി എറിഞ്ഞ് അധികാരം പിടിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് അധികാരമേല്‍ക്കും. ബിജെപിയുടെ ഭരണം അവസാനിപ്പിച്ച് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്.

രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റുമാണ് ആദ്യം അധികാരമേല്‍ക്കുന്നത്. രാവിലെ 10 മണിക്കാണ് ഇവരുടെ സത്യപ്രതിജ്ഞ. ജയ്പൂരിലെ അല്‍ബര്‍ട്ട് മ്യൂസിയം മൈതാനത്താണ് ചടങ്ങ്. മധ്യപ്രദേശ് മുഖ്യമന്ത്രിയായ കമല്‍ നാഥ് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ലാല്‍ പരേഡ് മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്യും.

വൈകീട്ട് നാലരയ്ക്കാണ് ഛത്തീസ്ജഡ് മുഖ്യമന്ത്രിയായി ഭൂപേഷ് ബാഗല്‍ അധികാരമേല്‍ക്കുന്നത്. ചടങ്ങുകളില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. പ്രതിപക്ഷ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോണ്‍ഗ്രസ് മികച്ച വിജയം നേടിയ ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.

Exit mobile version