കൊവിഡുള്ള വ്യക്തി അകലം പാലിച്ചില്ലെങ്കില്‍ 30 ദിവസത്തിനുള്ളില്‍ 406 പേരിലേക്ക് രോഗം പകര്‍ത്തും

ന്യൂഡല്‍ഹി: കൊവിഡ് പോസിറ്റീവായ വ്യക്തി സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ 30 ദിവസത്തിനുള്ളില്‍ 406 പേരിലേക്കു രോഗം പടര്‍ത്തുമെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം.പല സര്‍വകലാശാലകളും ഗവേഷണത്തില്‍ കണ്ടെത്തിയ കാര്യമാണിത്. അതിനാല്‍ കൊറോണ വൈറസ് പടരാതിരിക്കാന്‍ സാമൂഹിക അകലവും മാസ്‌കുകളുടെ ഉപയോഗവും അത്യാവശ്യമാണെന്നു കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

‘രോഗം ബാധിച്ചയാള്‍ ആളുകളുമായി നേരിട്ട് ഇടപെടുന്നത് 50 ശതമാനം കുറയ്ക്കുകയാണെങ്കില്‍, 406ന് പകരം 15 പേരിലേക്കു രോഗബാധ ചുരുക്കാനാകും. രോഗി മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം 75 ശതമാനം കുറയ്ക്കുകയാണെങ്കില്‍, 30 ദിവസത്തിനുള്ളില്‍ 2.5 ആളുകളിലേക്കേ രോഗം പകരൂ. ക്ലിനിക്കല്‍ മാനേജ്‌മെന്റില്‍ ശ്രദ്ധിക്കേണ്ടതിനൊപ്പം കൊവിഡ് നിയന്ത്രണത്തിലും ശ്രദ്ധ വേണം’ അഗര്‍വാള്‍ പറഞ്ഞു.

അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം ഉയരുകയാണ്. ഇന്നലെ 3,23,144 പേര്‍ക്കാണ് പുതുതായി കൊവിഡ് ബാധ കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 2771 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്. പുതുതായി 2,51,827 പേരാണ് രോഗമുക്തി നേടിയതെന്നും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ചികിത്സയിലുള്ളവര്‍ 29 ലക്ഷത്തിലേക്ക് കടക്കുകയാണ്.

Exit mobile version