‘ഒന്നുകില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കൂ, അല്ലെങ്കില്‍ അദ്ദേഹത്തെ കൊന്നേയ്ക്കൂ’ നെഞ്ചുനീറി മകന്റെ അപേക്ഷ, ഉള്ളം പൊള്ളിച്ച് വീഡിയോ

Covid-19 Patient's Son | Bignewslive

തെലങ്കാന: ‘ഒന്നുകില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കൂ, അല്ലെങ്കില്‍ എന്തെങ്കിലും കുത്തിവെപ്പ് നല്‍കി അദ്ദേഹത്തെ കൊന്നേക്കൂ…’ ഇത് കൊവിഡ് ബാധിതനായ ഒരാളുടെ മകന്റെ കണ്ണീര്‍ അപേക്ഷയാണ്. അച്ഛനെയും കൊണ്ട് 24 മണിക്കൂറായി ആശുപത്രികള്‍ കയറിയിറങ്ങി നിരാശനായി മടങ്ങവെയാണ് മകന്റെ അപേക്ഷ.

വൈറസ് ബാധയെ തുടര്‍ന്ന് ആംബുലന്‍സില്‍ നിന്നുയരുന്ന ചുമയും അച്ഛന്റെ ദൈന്യതയാര്‍ന്ന മുഖവും കണ്ട് നെഞ്ചുനീറിയാണ് ഈ മകന്‍ അപേക്ഷിക്കുന്നത്. മഹാരാഷ്ട്രയിലേയും തെലങ്കാനയിലേയും വിവിധ ആശുപത്രികളില്‍ അച്ഛനുമായി കയറിയിറങ്ങിയ ശേഷമാണ് സാഗര്‍ കിഷോര്‍ നഹര്‍ഷേതിവാര്‍ അച്ഛനെ ‘കൊന്നു തരൂ’ എന്ന് അപേക്ഷിച്ച് രംഗത്തെത്തിയത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

‘രാത്രി ഒന്നരയോടെയാണ് തെലങ്കാനയിലേക്ക് പുറപ്പെട്ടത്, മൂന്ന് മണിയോടെ അവിടെയെത്തി. ആശുപത്രികളില്‍ കിടക്കാന്‍ സൗകര്യമില്ലെന്നറിയിച്ചതോടെ ചന്ദ്രപുരിലേക്ക് മടങ്ങി. അന്നേരം മുതല്‍ ഇവിടെ കാത്ത് നില്‍ക്കുകയാണ്’. സാഗര്‍ കിഷോര്‍ അറിയിച്ചു. മണിക്കൂറുകള്‍ കഴിയുന്നതോടെ ആംബുലന്‍സിലെ ഓക്സിജന്‍ കുറഞ്ഞു വരികയാണെന്നും ഇത്തരത്തില്‍ കഷ്ടപ്പെടാനനുവദിക്കാതെ അച്ഛനെ വല്ല മരുന്നു നല്‍കി മരിക്കാനനുവദിക്കൂ എന്ന് ഈ മകന്‍ അപേക്ഷിക്കുന്നു.

വഡോറയിലേയും ചന്ദ്രപ്പുരിലേയും ആശുപത്രികള്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. ആശുപത്രികള്‍ക്ക് പുറത്ത് നിരയായി കിടക്കുന്ന ആംബുലന്‍സുകളില്‍ പ്രായമേറിയ രോഗികള്‍ പ്രവേശത്തിനുള്ള ഊഴവും കാത്ത് കിടപ്പാണ്. ദയനീയ കാഴ്ച കൂടിയാണത്.

Exit mobile version