സ്പുട്‌നിക് വാക്‌സീന് ഡിസിജിഐയും അനുമതി നല്‍കി; വിതരണം മെയ് മുതല്‍

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ റഷ്യന്‍ നിര്‍മ്മിത സ്പുടിനിക് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഡിസിജിഐയും അനുമതി നല്‍കി. വിദഗ്ധ സമിതി ഇന്നലെ വാക്‌സിന് അനുമതി നല്‍കിയിരുന്നു. മെയ് ആദ്യവാരം മുതല്‍ വാക്‌സീന്‍ രാജ്യത്ത് വിതരണത്തിന് തയ്യാറാകും.

ഇതോടെ സ്പുട്‌നിക്കിന് അംഗീകാരം നല്‍കുന്ന അറുപതാമത് രാജ്യമായി ഇന്ത്യ. രാജ്യത്ത് വിതരണാനുമതി ലഭിക്കുന്ന മൂന്നാമത്തെ കൊവിഡ് വാക്‌സിനാണ് സ്പുട്‌നിക്. 91.6% ഫലപ്രാപ്തിയാണ് ഈ വാക്‌സീനുള്ളത്. 18 വയസിന് മുകളിലുള്ളവര്‍ക്ക് മുതല്‍ വാക്‌സീന്‍ ലഭ്യമാക്കാനാണ് തീരുമാനം.

നിലവില്‍ രാജ്യത്ത് ഭാരത് ബയോടെക്കിന്റെ കോവാക്സീനും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡുമാണ് ഉപയോഗിക്കുന്ന മറ്റ് രണ്ട് വാക്സീനുകള്‍. ഹൈദരാബാദ് അടിസ്ഥാനമായ റെഡ്ഡീസ് ലബോറട്ടറീസിനാണ് ഇന്ത്യയില്‍ വാക്സീന്റെ നിര്‍മ്മാണ അനുമതിയുള്ളത്. റഷ്യന്‍ വാക്സീനായ സ്പുട്നിക്കിന് 91.6 ശതമാനം ഫലപ്രാപ്തിയാണ് അവകാശപ്പെടുന്നത്. നിലവില്‍ ലഭ്യമായ കൊവിഷീല്‍ഡിനും കൊവാക്സീനും എഴുപത് ശതമാനത്തിനടുത്താണ് ഫലപ്രാപ്തി പറയുന്നത്.

അതിനിടെ ഇന്ത്യയിലേതടക്കം കൊവിഡ് രോഗത്തിന്റെ വ്യാപനത്തില്‍ ലോകാരോഗ്യ സംഘടന ആശങ്കയറിയിച്ചു. പൊതുജനാരോഗ്യം വലിയ വെല്ലുവിളി നേരിടുകയാണെന്നും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ആവശ്യപ്പെട്ടു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 1.61 ലക്ഷം(1,61,736) പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 879 പേരാണ് കൊവിഡ് ബാധിതരായി കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത്. ഇന്നലെ 97,168 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Exit mobile version