കുതിച്ചുയര്‍ന്ന് കൊവിഡ് വ്യാപനം; ഇന്നലെ 1,15,736 പേര്‍ക്ക് രോഗം, 630 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ കൊവിഡ് പ്രതിദിന കേസാണിത്. 24 മണിക്കൂറിനിടെ 630 പേര്‍ മരിക്കുകയും ചെയ്തു. 59,856 പേര് രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,28,01,785 ആയി ഉയര്‍ന്നു. 1,17,92,135 പേര്‍ രോഗമുക്തി നേടി. ആകെ മരണസംഖ്യ 1,66,177 ആയി ഉയര്‍ന്നു. നിലവില്‍ 8,43,473 പേരാണ് ചികിത്സയിലുള്ളത്.

രാജ്യത്ത് ഇതുവരെ 8,70,77,474 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ചത്തീസ്ഗഢ്, ഡല്‍ഹി, കര്‍ണാടക,മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കൊവിഡ് കേസുകളുള്ളത്. മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 55,000 പേര്‍ക്കും ഡല്‍ഹിയില് 5100 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണത്തിലേക്ക് നീങ്ങുമെന്നാണ് സൂചനകള്‍.

അതേസമയം രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഏറെ ഗുരുതരമെന്ന് കേന്ദ്രം അറിയിച്ചു. വരുന്ന നാലാഴ്ച നിര്‍ണായകമാണെന്നും ആര്‍ടിപിസിആര്‍ പരിശോധന കര്‍ശനമാക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പ്രതിരോധ കുത്തിവെപ്പ് ശക്തമാക്കണമെന്നും നിര്‍ദേശിച്ചു. കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണും നീതി ആയോഗ് അംഗം ഡോ. വിനോദ് പോളും സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

Exit mobile version