ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന പരാമര്‍ശം; മേഘാലയ ജഡ്ജിക്കെതിരെ ഇംപീച്ച്മെന്റിനൊരുങ്ങി സിപിഎം

താന്‍ ഒരു മതഭ്രാന്തനല്ല തന്റെ ജഡ്ജ്മെന്റ് രാഷ്ട്രീയ പ്രേരിതവുമല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്

ഇന്ത്യ ഹിന്ദു രാഷ്ട്രമാകണമെന്ന പരാമര്‍ശം നടത്തിയ മേഘാലയ ജഡ്ജിക്കെതിരെ ഇംപീച്ച്മെന്റ് നടപടിക്ക് സിപിഐഎം തയ്യാറെടുക്കുന്നു. ഹൈക്കോടതി ജഡ്ജിയായി തുടരുന്നതിനുളള ധാര്‍മിക അവകാശം നഷ്ടപെട്ട ജഡ്ജി സുധീപ് രഞ്ജന്‍ സെന്നിനെ ജുഡീഷ്യല്‍ അധികാരങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തയ്യാറാകണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.

ജസ്റ്റിസ് സെന്നിനെ നീക്കം ചെയ്യുന്നതിനായി ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരുന്ന കാര്യത്തില്‍ മറ്റു പാര്‍ട്ടികളുമായി കൂടിയാലോചന നടത്തുമെന്നും സിപിഐഎം അറിയിച്ചു.

വിധിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന വിശദീകരണവുമായി ജസ്റ്റിസ് സുധീപ് സെന്‍ രംഗത്തെത്തിയിരുന്നു. താന്‍ ഒരു മതഭ്രാന്തനല്ല തന്റെ ജഡ്ജ്മെന്റ് രാഷ്ട്രീയ പ്രേരിതവുമല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

വിധിയെ വളച്ചൊടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ജനങ്ങളുടെ മനസില്‍ ആശയകുഴപ്പം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വം ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമാണ്. അതിനെ ജാതി മതം ഗോത്രം എന്നിവയുടെ അടിസ്ഥാനത്തില്‍ വിഭജിക്കാനാകില്ല.

ജസ്റ്റിസ് സെന്നിന്റെ പരാമര്‍ശത്തെ അനുകൂലിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ നൂറുകോടി ജനങ്ങളുടെ കാഴ്ചപാടാണ് ജഡ്ജി പറഞ്ഞതെന്നായിരുന്നു പ്രതികരണം.

താമസ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെയുളള സൈനിക ഉദ്യോഗസ്ഥന്റെ ഹര്‍ജിയിലാണ് മേഘാലയ ഹൈക്കോടതി ജഡ്ജി സുധീപ് രഞ്ജന്‍ സെന്‍ വര്‍ഗീയ പരാമര്‍ശം നടത്തിയത്. വിഭജനത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ ഒരു മുസ്ലീം രാജ്യമായി മാറി ഇന്ത്യ തീര്‍ച്ചയായും ഒരു ഹിന്ദു രാഷ്ട്രമാകേണ്ടിയിരുന്നു പക്ഷേ മതേതര രാജ്യമായി തുടരുകയാണ് ചെയ്തത് എന്നായിരുന്നു സെന്നിന്റെ പരാമര്‍ശം.

ഇന്ത്യ ഒരു ഇസ്ലാമിക രാജ്യമാകാതിരിക്കാന്‍ മോഡി സര്‍ക്കാര്‍ ഇടപെടുമെന്ന പ്രതീക്ഷയും ജസ്റ്റീസ് സുധീപ് രഞ്ജന്‍ സെന്‍ പ്രകടിപ്പിച്ചിരുന്നു. ‘ ആരും ഇന്ത്യയെ ഒരു ഇസ്ലാമിക രാജ്യമാക്കാന്‍ ശ്രമിക്കരുത്. നരേന്ദ്രമോഡി നേതൃത്വം നല്‍കുന്ന ഈ സര്‍ക്കാരിന് മാത്രമെ പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാകൂവെന്ന് എനിക്ക് വിശ്വാസമുണ്ട്. വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. മുഖ്യമന്ത്രി മമത ബാനര്‍ജി മറ്റെന്തിനെക്കാളും ദേശീയ താല്‍പര്യം ഉയര്‍ത്തിപ്പിടിച്ച് അതിനെ പിന്താങ്ങുകയും ചെയ്യും’

മറ്റ് രാജ്യങ്ങളിലെ ഹിന്ദുക്കളായവര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ അനുവദിക്കുകയും ഒരു രേഖയും ഇല്ലാതെ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്നും അദ്ദേഹം വിധിയില്‍ ആവശ്യപ്പെട്ടിരുന്നു.

Exit mobile version