“കൊറോണ സമയത്ത് പാത്രം കൊട്ടിയത് വരുംതലമുറകള്‍ ഓര്‍മിക്കും”; മന്‍ കി ബാത്തില്‍ നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: ജനത കര്‍ഫ്യൂ ലോകത്തിനാകെ അച്ചടക്കത്തിന്റെ അസാധാരണമായ ഉദാഹരണമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മന്‍ കി ബാത്തിന്റെ 75-ാം അധ്യായത്തിലായിരുന്നു ജനത കര്‍ഫ്യൂവിനെ കുറിച്ചുള്ള മോഡിയുടെ അഭിപ്രായ പ്രകടനം. പാത്രംകൊട്ടി കൊറോണ പോരാളികള്‍ക്ക് ആദരമര്‍പ്പിച്ചത് വരുംതലമുറകള്‍ ഓര്‍മിക്കുമെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

‘കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നമ്മള്‍ ജനത കര്‍ഫ്യൂ ആചരിച്ചു. അത് അസാധാരണമായ അച്ചടക്കത്തിന്റെ ലോകത്തിനാകെയുള്ള ഉദാഹരണമായിരുന്നു. ജനത കര്‍ഫ്യൂവും കൊറോണ പോരാളികള്‍ക്ക് പാത്രംകൊട്ടി ആദരമര്‍പ്പിച്ചതും വരുംതലമുറകള്‍ ഓര്‍ക്കും- മോഡി പറഞ്ഞു.

ഇന്ത്യയില്‍ നടക്കുന്ന കൊവിഡ് വാക്‌സിനേഷനെക്കുറിച്ചും മന്‍കി ബാത്തില്‍ പ്രധാനമന്ത്രി പ്രതിപാദിച്ചു. ‘ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിയാണ് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ജൗന്‍പുരില്‍ 109 വയസ്സുള്ള സ്ത്രീ വാക്‌സിന്‍ സ്വീകരിച്ചു. അതുപോലെ ഡല്‍ഹിയില്‍ 107 വയസ്സുള്ളയാളും സ്വമേധയാ വാക്‌സിന്‍ സ്വീകരിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം ഉയരുകയാണ്. അഞ്ച് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62714 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 312 പേര്‍ കൊവിഡ് ബാധമൂലം മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 1,61,552 ആയി. 1.13 കോടി പേര് ഇതിനോടകം രോഗമുക്തി നേടി.നിലവില്‍ രാജ്യത്ത് 4,86,310 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്. മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, ഗുജറാത്ത് തമിഴ്നാട് എന്നിവിടങ്ങളിലാണ് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Exit mobile version