കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 15,388 പേര്‍ക്ക് പുതുതായി കൊവിഡ്; 77 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം വര്‍ധിക്കുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,388 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ആരോഗ്യ മന്ത്രാലയം. 77 പേരാണ് ഇന്നലെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,596 പേര്‍ കൊവിഡ് രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്നലെ 15,388 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,12,44,786 ആയി ഉയര്‍ന്നു. രാജ്യത്ത് കൊവിഡ് വിമുക്തരായവരുടെ എണ്ണം 1,08,99,394 ആണ്. കൊവിഡ് ബാധിച്ച് 1,57,930 പേരാണ് ഇതുവരെ മരിച്ചത്. നിലവില്‍ 1,87,462 പേര്‍ ചികിത്സയിലുണ്ട്.

അതേസമയം കൊവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് തുടങ്ങി. മഹാരാഷ്ട്രയിലെ താനെയിലും നാസിക്കിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നാസിക്കില്‍ ആഴ്ചയില്‍ ഒരു ദിവസം കര്‍ശനമായ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. താനെയില്‍ ഹോട്ട്സ്പോട്ടുകളില്‍ സമ്പൂര്‍ണ ലോക്ഡൗണാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇവിടെങ്ങളില്‍ കൊവിഡ് വ്യാപനം വീണ്ടും ശക്തമായ പശ്ചാത്തലത്തിലാണ് അടച്ച് പൂട്ടല്‍ നടത്തുന്നത്. നാസിക് ജില്ലയില്‍ മാത്രം കൊവിഡ് കേസുകള്‍ ഒന്നരലക്ഷം പിന്നിട്ട സാഹചര്യത്തിലാണ് വീണ്ടും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 15 മുതല്‍ നാസികില്‍ വിവാഹ ചടങ്ങുകള്‍ നിരോധിച്ചു. അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള എല്ലാ കടകളും ഓഫീസുകളും വൈകിട്ട് ഏഴ് മുതല്‍ രാവിലെ ഏഴ് വരെ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. നാസിക് നഗരത്തില്‍ സ്‌കൂളുകളും കോളേജുകളും അടച്ചിടും. ആരാധനാലയങ്ങള്‍ക്കും നിയന്ത്രണങ്ങളുണ്ട്. ഓഫീസുകളില്‍ പകുതി ജീവനക്കാര്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു.

താനെയില്‍ കൊവിഡ് ഹോട്ട്സ്പോട്ടുകളില്‍ മാര്‍ച്ച് 31 വരെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ 16 ഹോട്ട്സ്പോട്ട് പ്രദേശങ്ങളാണ് നിലവിലുള്ളത്. മറ്റ് പ്രദേശങ്ങളിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം വീണ്ടും ഉയരുകയാണ്. ഞായറാഴ്ച മാത്രം മഹാരാഷ്ട്രയില്‍ 11,141 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് നിലവില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 22 ലക്ഷം പിന്നിട്ടു.

Exit mobile version