ഹര്‍ജികള്‍ തള്ളി; റാഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി

റാഫേല്‍ വിമാനം വാങ്ങുന്നതില്‍ ഇടപെടില്ലെന്നും റാഫേല്‍ കരാറില്‍ സംശയമില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്.

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി. റാഫേല്‍ വിമാനം വാങ്ങുന്നതില്‍ ഇടപെടില്ലെന്നും റാഫേല്‍ കരാറില്‍ സംശയമില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച എല്ലാ ഹര്‍ജികളും തള്ളുന്നതായും കോടതി വ്യക്തമാക്കി.

അതേസമയം, റാഫേല്‍ ഇടപാടില്‍ അഴിമതി ആരോപണം നേരിട്ട കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും വലിയ ആശ്വാസം പകരുന്നതാണ് സുപ്രീംകോടതിയുടെ വിധി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളുകയും ചെയ്തു.

റാഫേല്‍ ഇടപാടില്‍ കോടികളുടെ അഴിമതി നടന്നുവെന്ന ആരോപണം ശക്തമായതോടെയാണ് സംഭവത്തില്‍ വ്യക്തമായ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രീയനേതാക്കളും സന്നദ്ധപ്രവര്‍ത്തകരും രംഗത്തെത്തിയത്. റാഫേല്‍ ഇടപാടിനെക്കുറിച്ച് കോടതി നിരീക്ഷണത്തില്‍ സിബിഐ അന്വേഷണം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. അഭിഭാഷകരായ എംഎല്‍ ശര്‍മ്മ, വിനീത ഡാന്‍ഡെ, പ്രശാന്ത് ഭൂഷണ്‍ മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ, ആംആദ്മി നേതാവ് സഞ്ജയ് സിങ് എന്നിവരാണ് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഇവരുടെ ഹര്‍ജിയില്‍ നവംബര്‍ 14 മുതല്‍ വാദംതുടങ്ങി.

ഫ്രഞ്ച് കമ്പനിയായ ഡാസോയില്‍ നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലും ഓഫ്‌സൈറ്റ് പങ്കാളിയായി അനില്‍ അംബാനിയുടെ റിലയന്‍സിനെ ഉള്‍പ്പെടുത്തിയതിലും അഴിമതിയുണ്ടെന്നായിരുന്നു ആരോപണം.

ഇതിനിടെ റാഫേല്‍ ഇടപാടിനെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ പരസ്യമാക്കാനാകില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ആയുധ ഇടപാടുകളില്‍ തീരുമാനമെടുക്കേണ്ടത് കോടതിയുടെ ജോലിയല്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ സുപ്രീംകോടതിയില്‍നിന്ന് രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്ന കേന്ദ്രം ഒടുവില്‍ റാഫേല്‍ ഇടപാടിലെ നടപടിക്രമങ്ങളും വിലവിവരങ്ങളും മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കിയിരുന്നു. ഇതിനുപിന്നാലെ യുദ്ധവിമാനങ്ങളെക്കുറിച്ച് കൂടുതല്‍ ചോദിച്ചറിയാന്‍ വ്യോമസേനയിലെ ഉന്നതഉദ്യോഗസ്ഥരെ സുപ്രീംകോടതി വിളിച്ചുവരുത്തുകയും ചെയ്തു.

Exit mobile version