ഇളയ മകള്‍ക്ക് ചികിത്സയ്ക്കായി പണമില്ല; 12 കാരിയായ മൂത്ത മകളെ 10,000 രൂപയ്ക്ക് 42കാരന് വിറ്റ് മാതാപിതാക്കള്‍, പിന്നാലെ വിവാഹം!

ന്യൂഡല്‍ഹി: മകളുടെ ചികിത്സക്കായി ദിവസക്കൂലിക്കാരായ മാതാപിതാക്കള്‍ 12കാരിയെ 46കാരന് വിറ്റു. 10,000 രൂപയ്ക്കാണ് മൂത്ത മകളെ വിറ്റത്. ആന്ധ്രപ്രദേശിലെ നെല്ലോറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച 16കാരിയുടെ ചികിത്സക്ക് പണം ഇല്ലാതെ വന്നതോടെയാണ് 12കാരിയെ വില്‍ക്കാനുള്ള തീരുമാനത്തിലേയ്ക്ക് മാതാപിതാക്കള്‍ എത്തിയത്.

ചിന്ന സുബയ്യ എന്നയാള്‍ക്കാണ് ഇവര്‍ കുട്ടിയെ വിറ്റത്. ബുധനാഴ്ച കുട്ടിയെ ഇയാള്‍ വിവാഹം കഴിക്കുകയും ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ കുട്ടിയെ ശിശുക്ഷേമ വകുപ്പെത്തി രക്ഷിച്ചു. ശിശുക്ഷേമവകുപ്പിന്റെ സംരക്ഷണയിലാണ് കുട്ടിയിപ്പോള്‍. കുട്ടിയുടെ അയല്‍വാസിയാണ് സുബയ്യ.

25,000 രൂപയാണ് ദമ്പതികള്‍ ഇയാളോട് ആവശ്യപ്പെട്ടിരുന്നത്. പിന്നീട് 10,000 രൂപക്ക് ഡീല്‍ ഉറപ്പിക്കുകയായിരുന്നു. സുബയ്യയുടെ ആദ്യഭാര്യ വിവാഹബന്ധം വേര്‍പ്പെടുത്തി താമസിക്കുകയായിരുന്നു. തുടര്‍ന്നാണ് രണ്ടാം വിവാഹമായി 12കാരിയെ ജീവിത സഖിയാക്കാന്‍ ഇറങ്ങിയത്.

വാങ്ങിയ ശേഷം കുട്ടിയെ ബുധനാഴ്ച ഇയാള്‍ ബന്ധുവിന്റെ വീട്ടിലെത്തിച്ചു. വീട്ടില്‍നിന്ന് കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ അയല്‍വാസികള്‍ കേട്ടു. സംശയം ഉയര്‍ന്നതോടെ അയല്‍വാസികള്‍ ഗ്രാമമുഖ്യനെ സമീപിച്ച് സംഭവം അന്വേഷിച്ചു. തുടര്‍ന്ന് ഗ്രാമമുഖ്യന്റെ നേതൃത്വത്തില്‍ ശിശുക്ഷേമ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

Exit mobile version