ഇന്ധന വില പതിയെ കുറയും; ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ നിരന്തരം ആവശ്യപ്പെടുകയാണെന്ന് പെട്രോളിയം മന്ത്രി, തീരുമാനം കൗണ്‍സലിന്റേത്

Oil minister | Bignewslive

ന്യൂഡല്‍ഹി: കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രതികരണവുമായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ജിഎസ്ടി കൗണ്‍സിലിനോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി അറിയിക്കുന്നു. ഇന്ധന വില പതിയെ കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആവശ്യം പരിഗണിക്കണോ എന്നുള്ളത് കൗണ്‍സിലിന്റെ തീരുമാനമാണെന്നും അദ്ദേഹം പ്രതികരിച്ചു.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചതാണ് പൊതുവിപണിയില്‍ ഇന്ധന വില വര്‍ധിക്കാന്‍ കാരണം. ഇത് മെല്ലെ കുറയും. കൊവിഡ് മൂലം പെട്രോളിയം ഉത്പന്നങ്ങളുടെ ആഗോള വിതരണം തടസപ്പെട്ടു, ഉത്പാദനത്തേയും ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനം ക്രൂഡ് ഓയില്‍ വിതരണത്തെ പ്രതികൂലമായി ബാധിച്ചു. ജനങ്ങള്‍ക്ക് സഹായകരമാകാന്‍ പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ജിഎസ്ടി കൗണ്‍സിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ലോക്ഡൗണ്‍ മൂലം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനം കുറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലുള്ള രാജസ്ഥാനിലും മഹാരാഷ്ട്രയിലുമാണ് പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതി കൂടുതലെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.

Exit mobile version