മുഖ്യമന്ത്രിയെ വിമര്‍ശിച്ചു; ബിജെപി നേതാവിനു മേല്‍ മഷിയൊഴിച്ച് ശിവസേന പ്രവര്‍ത്തകര്‍; ശേഷം സാരി ഉടുപ്പിച്ച് തെരുവിലൂടെ നടത്തിച്ചു

Shiv Sena workers | Bignewslive

മുംബൈ: മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വിമര്‍ശിച്ചുവെന്ന് ആരോപിച്ച് ബിജെപി നേതാവിന് മേല്‍ മഷി ഒഴിച്ചും സാരി ഉടുപ്പിച്ചും ശിവസേനാ പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രാദേശിക നേതാവ് ഷിരിഷ് കാടേക്കറിനെയാണ് ശിവസേന പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ശേഷം ഇവര്‍ ഷിരിഷിന്റെ ദേഹത്ത് സാരിചുറ്റിച്ച് തെരുവിലൂടെ നടത്തിക്കുകയും ചെയ്തു.

സോലാപുറിലാണ് സംഭവം. സേന പ്രവര്‍ത്തകരില്‍നിന്ന് ഷിരിഷിന് മര്‍ദനം ഏല്‍ക്കുകയും ചെയ്തു. അതിക്രമത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഇടപെടുന്നതും സേന പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവവുമായി ബന്ധപ്പെട്ട് 17 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്തുവെന്നും സോലാപുര്‍ പോലീസ് അറിയിച്ചു.

തങ്ങളുടെ നേതാവിനെ കുറിച്ച് ഷിരിഷ് മോശം പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് മഷിയൊഴിച്ചതെന്ന് ശിവസേന നേതാവ് പുരുഷോത്തം ബാര്‍ദെ പറഞ്ഞു. സേനാ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഉദ്ധവ് പൂജനീയ വ്യക്തിത്വമാണ്. അദ്ദേഹത്തിന് എതിരായി എന്തെങ്കിലും പറഞ്ഞാല്‍ അത് ഞങ്ങള്‍ക്ക് സഹിക്കാനാവില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ജയിലില്‍ പോകാന്‍ തയ്യാറാണെന്നും പുരുഷോത്തം പറയുന്നു.

Exit mobile version