ചിന്നദുരൈയും ശ്വേതയും വിവാഹിതരായി 60 അടി താഴ്ചയില്‍! മണ്ഡപമൊരുക്കി സമുദ്രവും

under ocean | Bignewslive

ചെന്നൈ: ചെന്നൈയില്‍ ഐടി എന്‍ജിനിയര്‍മാരായ വി ചിന്നദുരൈയും ശ്വേതയും വിവാഹിതരായി. അതും 60 അടി താഴ്ചയില്‍. അമ്പരക്കേണ്ട, സംഭവം സത്യമാണ്. വിവാഹം കടലിനടിയില്‍ വെച്ച് തന്നെ നടത്തണമെന്ന ചിന്നദുരൈയുടെ ആഗ്രഹമാണ് ഇപ്പോള്‍ സഫലമായിരിക്കുന്നത്. ഇവരുടെ ശുഭമുഹൂര്‍ത്തം കടല്‍ ശാന്തമാകുന്ന നേരമായിരുന്നു.

ഒടുവില്‍ തിങ്കളാഴ്ച രാവിലെ ആ സുദിനമെത്തി. ശാന്തമായ കടലില്‍ തിരുവണ്ണാമലൈ സ്വദേശി ചിന്നദുരൈയും കോയമ്പത്തൂര്‍ സ്വദേശിനി ശ്വേതയും കടലിനടിയില്‍ വെച്ച് തന്നെ മിന്നുകെട്ടി. ചെന്നൈയ്ക്കടുത്ത നീലാങ്കര കടല്‍ത്തീരത്തുനിന്ന് നാലര കിലോമീറ്റര്‍ സഞ്ചരിച്ച് ഇരുവരും കടലില്‍ 60 അടി താഴ്ചയിലേക്ക് പോവുകയായിരുന്നു.

വിവാഹവസ്ത്രത്തിനുപുറത്ത് സ്‌കൂബാ ഡൈവിനുള്ള സ്യൂട്ട് ധരിച്ചിട്ടുണ്ടായിരുന്നു. സുരക്ഷയ്ക്കായി എട്ട് ഡൈവര്‍മാരും ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നു. വിവാഹം വെള്ളത്തിനടിയില്‍ വെച്ചാകണമെന്നത് ചിന്നദുരൈയുടെ ആഗ്രഹം ശ്വേതയെയും വീട്ടുകാരെയും അറിയിച്ചു. എന്നാല്‍ ജീവന്‍ പണയപ്പെടുത്തി വേണ്ടെന്നായിരുന്നു ആദ്യ തീരുമാനം.

ശേഷം, ഈ ഭയത്തില്‍നിന്ന് ശ്വേതയെ പിന്തിരിപ്പിച്ചതും ചിന്നദുരൈ ആയിരുന്നു. പിന്നീട് പരിശീലനം നേടുകയും സ്‌കൂബ ഡൈവിങ് പഠിക്കുകയും ചെയ്തപ്പോള്‍ ശ്വേതയിലും ആത്മവിശ്വാസം ഉണര്‍ന്നു. അംഗീകൃത സ്‌കൂബാ ഡൈവറാണ് ചിന്നദുരൈ. ”ഞങ്ങള്‍ 45 മിനിറ്റ് വെള്ളത്തിനടിയില്‍ ചെലവഴിച്ചു. ഞാന്‍ ശ്വേതയ്ക്ക് പൂച്ചെണ്ട് നല്‍കി. തുടര്‍ന്ന് താലി ചാര്‍ത്തി.” -ചിന്നദുരൈ പറയുന്നു. ഈ വിവാഹം തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് ശ്വേതയും പ്രതികരിച്ചു. താലികെട്ടുകഴിഞ്ഞ് ഇരുവരും കരയിലെത്തി ബാക്കി ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

Exit mobile version