14 പേര്‍ക്ക് കൂടി അതിതീവ്ര വൈറസ്; രാജ്യത്ത് ഇതുവരെ ജനിതക മാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചത് 20 പേര്‍ക്ക്, ജാഗ്രത

UK Coronavirus Strain | Bignewslive

ന്യൂഡല്‍ഹി: ബ്രിട്ടണില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ജനിതക മാറ്റം വന്ന കൊവിഡ് 14 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ പുതിയ വൈറസ് സ്ഥിരീകരിച്ചത് 20 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസം ആറ് പേര്‍ക്ക് സ്ഥിരീകരിച്ചിരുന്നു. എന്‍സിഡിസി ഡല്‍ഹിയില്‍ നടത്തിയ പരിശോധനയില്‍ എട്ട് പേര്‍ക്കും ബംഗളൂരു നിംഹാന്‍സില്‍ നടത്തിയ പരിശോധനയില്‍ ഏഴ് പേര്‍ക്കും ഹൈദരാബാദ് സിസിഎംബിയില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ക്കുമാണ് അതിതീവ്ര വൈറസ് സ്ഥിരീകരിച്ചത്.

എന്‍ഐജിബി കൊല്‍ക്കത്ത, എന്‍ഐവി പൂനെ, ഐജിഐബി ഡല്‍ഹി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഒരാള്‍ക്ക് വീതവും ജനിതകമാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചു. ജനിതക മാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചവരെ വെവ്വേറെ മുറികളില്‍ പ്രത്യേകം സമ്പര്‍ക്കവിലക്കിലാക്കിയെന്നും സ്ഥിതി ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിക്കുന്നു.

ഇവരുമായി സമ്പര്‍ക്കമുണ്ടായ സഹയാത്രികര്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ കണ്ടെത്താന്‍ ശ്രമം നടത്തി വരികയാണ്. കൊവിഡിനു കാരണമായ സാര്‍സ് കോവ്-2 വൈറസിന്റെ ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ വകഭേദമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അതത് സംസ്ഥാനസര്‍ക്കാരുകളുടെ നേതൃത്വത്തില്‍ പ്രത്യേക മുറികളില്‍ ഒറ്റയ്ക്കാണ് സമ്പര്‍ക്ക വിലക്കിലാക്കിയിരിക്കുന്നത്. സാധാരണ വൈറസ്ബാധ സ്ഥിരീകരിച്ചവരുടെ ജനിതകഘടനാപരിശോധന നടന്നുവരികയാണ്.

നവംബര്‍ 25-നുശേഷം 33,000 പേരാണ് ബ്രിട്ടനില്‍നിന്നെത്തിയത്. വകഭേദം വന്ന വൈറസിന് പഴയതിനെ അപേക്ഷിച്ച് വ്യാപനശേഷി 70 ശതമാനം കൂടുതലാണ്. ഒരാളില്‍നിന്ന് വളരെവേഗം മറ്റൊരാളിലേക്ക് പകരും. എന്നാല്‍, ഈ ഇനം വൈറസ് കൂടുതല്‍ മാരകമാണെന്നതിന് തെളിവുകളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.

Exit mobile version