ബാങ്കില്‍ നിന്നും വിരമിച്ചു; അടുത്ത ലക്ഷ്യം ഡോക്ടര്‍, മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടി ഈ 64കാരന്‍

Retired banker | Bignewslive

ബര്‍ഗാ: 64 കാരനായ ജയ്കിഷോര്‍ പ്രധാന്‍ ഒരു റിട്ടയേര്‍ഡ് ബാങ്കുദ്യോഗസ്ഥനാണ്. ജീവിതത്തില്‍ ഒരുപാട് നേട്ടങ്ങളും വിജയങ്ങളും കൈവരിച്ച ഒരാള്‍. എന്നാല്‍ അറുപത്തിനാലാം വയസ്സിലെ ഈ നേട്ടത്തിന് ഒരു പ്രത്യേകതയുണ്ട്. എന്താണെന്നാല്‍ ഒരുപാട് പേര്‍ കൊതിക്കുന്ന, തലനാരിഴയ്ക്ക് കൈവിട്ടുപോകുന്ന ഒരു നേട്ടമാണ് അദ്ദേഹം തന്റെ പ്രയത്നത്തിലൂടെ നേടിയെടുത്തിരിക്കുന്നത്.

എംബിബിസ് സീറ്റുകളിലേക്കുള്ള രാജ്യാന്തര പ്രവേശന പരീക്ഷയായ നീറ്റില്‍ ഉന്നതവിജയം കരസ്ഥമാക്കി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായി സീറ്റ് ഉറപ്പിച്ചിരിക്കുകയാണ് അദ്ദേഹം. പ്രായപരിധികളില്ലാത്ത നീറ്റ് പരീക്ഷയിലൂടെ വീര്‍ സുരേന്ദ്ര സായ് ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് ലാണ് അദ്ദേഹം പ്രവേശനം നേടിയത്.

ഡോക്ടറായിരുന്ന അച്ഛന്റെ അനുഭവങ്ങളും അര്‍പ്പണബോധവുമാണ് ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ ജയ്കിഷോറിന് പ്രചോദനമായത്. പൈസ സമ്പാദിക്കുക എന്ന ലക്ഷ്യം അദ്ദേഹത്തിനില്ല. ആവശ്യക്കാര്‍ക്ക് തന്നാലാവുന്ന സഹായം കഴിയും പോലെ ചെയ്തുകൊടുക്കുക എന്ന ആഗ്രഹം മാത്രം. കഷ്ടപ്പട്ട് പഠിച്ചിട്ടും ചെറിയ മാര്‍ക്കിന്റെ വ്യത്യാസത്തില്‍ മാത്രം സീറ്റ് കൈവിട്ടു പോകുന്ന കുട്ടികളുടെ ഇടയിലാണ് പ്രായം തടസമാവാതെ ജയ്കിഷോര്‍ ജയിച്ചുകയറിയത്.

കോഴ്സ് പൂര്‍ത്തിയാകുമ്പോള്‍ ജയ്കിഷോര്‍ 70ാം വയസ്സില്‍ എത്തിയിരിക്കും. ഇതില്‍ ആശങ്കകളുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ഉത്തരം. ”മരണം വരെ ആളുകളെ സേവിക്കുക എന്നതാണ് എന്റെ ലക്ഷ്യം. സാമ്പത്തികനേട്ടം എന്റെ മനസ്സിലില്ല എന്നത്കൊണ്ട് തന്നെ വേറൊന്നിലും ശ്രദ്ധകേന്ദ്രീകരിക്കേണ്ട കാര്യമില്ല.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരമൊരു നേട്ടം ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണെന്ന് വീര്‍ സുരേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.ലളിത് കൂമാര്‍ അഭിപ്രായപ്പെട്ടു. നേട്ടം വാര്‍ത്തയായതോടെ ഒട്ടേറെ അഭിനന്ദനങ്ങളാണ് ജയ്കി ഷോറിനെ തേടിയെത്തുന്നത്.

Exit mobile version