പഠനത്തില്‍ ഉഴപ്പിയതിന് മാതാപിതാക്കള്‍ വഴക്ക് പറഞ്ഞു; ഒന്നര ലക്ഷം കൊണ്ട് ഗോവയ്ക്ക് നാട് വിട്ട് 14കാരന്‍, ഗോവന്‍ ക്ലബ്ബുകളിള്‍ കറക്കം

വഡോദര: പഠനത്തില്‍ ഉഴപ്പിയതിന്റെ പേരില്‍ വീട്ടുകാര്‍ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് ഒന്നര ലക്ഷം രൂപയുമായി വീട് വിട്ടിറങ്ങിയ 14-കാരനെ കണ്ടെത്തി. ഗുജറാത്ത് വഡോദര സ്വദേശിയായ പത്താം ക്ലാസുകാരനെയാണ് പൂണെയില്‍ നിന്ന് പോലീസ് കണ്ടെത്തിയത്. ഗോവയില്‍ നിന്ന് ഗുജറാത്തിലേക്ക് തിരിച്ചെത്തും വഴിയാണ് പൂണെയില്‍ നിന്ന് പതിനാലുകാരനെ പോലീസ് കണ്ടെത്തിയത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് 14-കാരനെ വീട്ടില്‍നിന്ന് കാണാതായത്. പഠനത്തില്‍ ഉഴപ്പുന്നതിനെ ചൊല്ലി പതിനാലുകാരനെ മാതാപിതാക്കള്‍ വഴക്ക് പറഞ്ഞിരുന്നു. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയുമായി 14-കാരന്‍ ഗോവയ്ക്ക് പോവുകയായിരുന്നു.

വീട്ടില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലെത്തി തീവണ്ടി മാര്‍ഗം ഗോവയില്‍ പോകാനായിരുന്നു പദ്ധതി. എന്നാല്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ടിക്കറ്റ് ലഭിച്ചില്ല. തുടര്‍ന്ന് ബസില്‍ ഗോവയിലേക്ക് പോവുകയായിരുന്നു. ഗോവയിലെത്തിയ 14-കാരന്‍ ക്ലബുകളിലാണ് ഏറെസമയവും ചിലവഴിച്ചത്.

കൈയിലെ പണം തീരാറായതോടെ ഗുജറാത്തിലേക്ക് തന്നെ മടങ്ങാന്‍ തീരുമാനിച്ച് തിരിച്ച് പുണെയില്‍ എത്തിയപ്പോള്‍ കുട്ടിയെ പോലീസ് കണ്ടെത്തുകയായിരുന്നു. പുണെയില്‍ എത്തിയ പതിനാല്കാരന്‍ പുതിയ സിം കാര്‍ഡ് വാങ്ങി മൊബൈല്‍ ഫോണിലിട്ടു. തുടര്‍ന്ന് നഗരത്തിലെ ട്രാവല്‍ ഏജന്‍സിയിലെത്തി ടിക്കറ്റും ബുക്ക് ചെയ്തു. ഇതാണ് പോലീസ് അന്വേഷണത്തില്‍ നിര്‍ണായകമായത്.
മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വഡോദര പോലീസ് കുട്ടിയെ കണ്ടെത്തിയത്.

Exit mobile version