വിളര്‍ച്ചയും രക്തസമ്മര്‍ദ്ദമുണ്ടെന്നും അറിയിച്ചു, നിര്‍ബന്ധിത കായിക പരിശീലനത്തിന് അയച്ച് അധ്യാപകന്‍; വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു, സംഭവം മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍! പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

കോളജില്‍ സ്പോര്‍ട്സ് ഫോര്‍ ഓള്‍ എന്ന പരിപാടിയുണ്ട്.

ചെന്നൈ: വിളര്‍ച്ചയും രക്തസമ്മര്‍ദ്ദവും ഉണ്ടെന്ന് അറിയിച്ചിട്ടും വിദ്യാര്‍ത്ഥിനിയെ നിര്‍ബന്ധിത കായിക പരിശീലനത്തിന് അയച്ച് അധ്യാപകന്‍. കഠിനാധ്വാനം കൂടിയതിനു പിന്നാലെ വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണു മരിച്ചു. മദ്രാസ് ക്രിസത്യന്‍ കോളേജിലാണ് വിദ്യാര്‍ത്ഥിനിയോട് അധ്യാപകന്റെ ക്രൂരത.

ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായ മഹിമയാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിളര്‍ച്ചയും കുറഞ്ഞ രക്തസമ്മര്‍ദ്ദവുമുള്ളതു കാരണം തന്നെ കായിക പരിശീലനത്തില്‍ നിന്നും ഒഴിവാക്കണമെന്ന മഹിമ കായിക അധ്യാപകനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവകവെയ്ക്കാതെ മഹിമയെ പരിശീലനത്തിനിറങ്ങാന്‍ നിര്‍ബന്ധിക്കുകയാണ് ചെയ്തതെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ ക്രിസ്ത്യന്‍ കോളജില്‍ പ്രതിഷേധ പ്രകടനം നടത്തി. രക്തസമ്മര്‍ദ്ദം കുറവാണെന്ന് അധ്യാപകനോട് പറഞ്ഞപ്പോള്‍ ഗ്രൗണ്ടിലൂടെ ഓടിയാല്‍ രക്തം കൂടുതല്‍ വേഗത്തില്‍ പമ്പ് ചെയ്യാന്‍ തുടങ്ങുമെന്ന് പറഞ്ഞ് അധ്യാപകന്‍ പരിശീലനത്തിന് പോകാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് മറ്റു വിദ്യാര്‍ത്ഥികളുടെ മൊഴി.

‘ഓട്ടം കഴിഞ്ഞയുടന്‍ മഹിമയെ ബാസ്‌കറ്റ്ബോള്‍ പ്രാക്ടീസിന് അയച്ചു. മഹിമ കോര്‍ട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. കൃത്യമായ സിപിആര്‍ നല്‍കാന്‍ ആരും അവിടെയുണ്ടായിരുന്നില്ല. പെണ്‍കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയും അവിടെവെച്ച് മരണം സ്ഥിരീകരിക്കുകയുമായിരുന്നു. നിര്‍ജ്ജലീകരണം കാരണമുള്ള കാര്‍ഡിയാക് അറസ്റ്റാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.’ പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു.

കോളജില്‍ സ്പോര്‍ട്സ് ഫോര്‍ ഓള്‍ എന്ന പരിപാടിയുണ്ട്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെല്ലാം ഇതില്‍ പങ്കെടുക്കണമെന്നത് നിര്‍ബന്ധമാണ്. ഇതില്‍ എട്ടു റൗണ്ട് ഗ്രൗണ്ടില്‍ക്കൂടി നിര്‍ത്താതെ ഓടുകയും പിന്നീട് ക്രിക്കറ്റോ ഫുട്ബോളോ മറ്റോ കളിക്കുകയും വേണം. ഇതിനെതിരെ വിദ്യാര്‍ത്ഥികളില്‍ നിന്നും നേരത്തെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ സ്പോര്‍ട്സ് ഫോര്‍ ഓള്‍ നിര്‍ബന്ധിതമാക്കുന്നത് കോളജ് അധികൃതര്‍ തുടരുകയായിരുന്നു.

Exit mobile version