ലൗ ജിഹാദിന് തെളിവില്ല; വിവാദനിയമത്തിന്റെ പേരില്‍ അറസ്റ്റിലായ യുവാക്കളെ വിട്ടയക്കാന്‍ തീരുമാനം

Love jihad | Bignewslive

ലഖ്‌നൗ : യുപിയില്‍ മതപരിവര്‍ത്തന നിരോധിത നിയമത്തിന്റെ പേരില്‍ അറസ്റ്റിലായ യുവാക്കളെ വിട്ടയയ്ക്കാന്‍ തീരുമാനം. യുവതിയെ നിര്‍ബന്ധിച്ച് മതം മാറ്റിയതാണ് എന്നതിന് തെളിവുകളില്ലാത്തതാണ് കാരണം. ഡിസംബര്‍ ആദ്യവാരമാണ് വിവാദമായ പുതിയ നിയമത്തിന്റെ പേരില്‍ യുവാക്കളെ അറസ്റ്റ് ചെയ്തത്. മൊറാദാബാദ് സ്വദേശിനിയായ ഇരുപത്തിരണ്ട്കാരിയെ നിര്‍ബന്ധിച്ച് മതം മാറ്റി വിവാഹം ചെയ്തെന്നായിരുന്നു പരാതി.

തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും യുവതി പറഞ്ഞിരുന്നുവെങ്കിലും ബജ്റംഗിദാള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു.ഇതേതുടര്‍ന്ന് ജയിലിലായിരുന്ന യുവതിയുടെ ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും പതിമൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് വിട്ടയയ്ക്കുന്നത്. ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയ പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിച്ചതായി ആരോപണമുയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസം യുവതിയ്ക്ക് വീണ്ടും അള്‍ട്രാ സൗണ്ട് ചെക്കപ്പ് നടത്തുകയും ഗര്‍ഭം അലസിയതായി സ്ഥിരീകരിക്കുകയും ചെയ്തു. സ്‌കാനിംഗില്‍ ഗര്‍ഭപാത്രത്തില്‍ അണുബാധ ഉണ്ടായതായി കണ്ടെത്തിയതിനാല്‍ വിദ്ഗദ്ധ ചികിത്സ ലഭ്യമാക്കേണ്ടത് അത്യാവശ്യമാണെന്ന് ചെക്കപ്പ് നടത്തിയ ഡോ.പി എസ് ശിശോഡിയ അഭിപ്രായപ്പെട്ടു.

വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ തനിക്ക് ഇഞ്ചക്ഷന്‍ നല്‍കിയതിനെത്തുടര്‍ന്നാണ് കുഞ്ഞിനെ നഷ്ടപ്പെട്ടതെന്ന് യുവതി ആരോപിച്ചിരുന്നു. എന്നാല്‍ ആശുപത്രി ആധികൃതര്‍ ഇത് നിഷേധിക്കുകയും ആദ്യത്തെ അള്‍ട്രാ സൗണ്ടില്‍ തന്നെ ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ല എന്ന് വാദിക്കുകയും ചെയ്തു. ഇതിന്റെ സത്യാവസ്ഥ എന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസം ഭര്‍തൃഗൃഹത്തില്‍ തിരിച്ചെത്തിയ യുവതി ഭര്‍ത്താവിനെയും സഹോദരനെയും വിട്ടയയ്ക്കാനുള്ള തീരുമാനത്തോട് പ്രതികരിച്ചു.

കുഞ്ഞിനെ നഷ്ടപ്പെട്ട വാര്‍ത്ത് ഭര്‍ത്താവിനെ അറിയിക്കാന്‍ പോലും തന്നെ അനുവദിച്ചില്ലെന്നും പ്രണയിച്ച് വിവാഹം കഴിക്കുന്നവരെയൊക്ക ഇങ്ങനെ ദ്രോഹിക്കാനാണ് ഉദ്ദേശമെങ്കില്‍ കോടതിയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന്റെ പ്രസക്തി എന്താണെന്നും യുവതി ചോദിച്ചു. വിട്ടയയ്ക്കും എന്ന് പറയുന്നതല്ലാതെ ഇതുവരെ നടപടിയായിട്ടില്ലെന്നും കഴിഞ്ഞ ഒരാഴ്ചയായി ഇത് തന്നെയാണ് അധികൃതര്‍ പറയുന്നതെന്നും യുവതി ആരോപിച്ചു. വെള്ളിയാഴ്ച വൈകിട്ട് വരെയും യുവാക്കളെ വിട്ടയയ്ക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളൊന്നും എത്തിയിട്ടില്ലെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.

എന്നാല്‍ 50,000 രൂപ ബോണ്ടില്‍ ഇരുവരെയും വിട്ടയയ്ക്കാന്‍ തീരുമാനം ആയിട്ടുണ്ടെന്ന് മൊറാദാബാദ് എഎസ്പി വിദ്യാ സാഗര്‍ മിശ്ര അറിയിച്ചു. ആശുപത്രിയില്‍ വെച്ച് എന്താണുണ്ടാതയതെന്ന് അറിയില്ലെന്നും കാന്ത് മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരം മൊഴിയെടുക്കുന്നത് വരെ യുവതിയെ ഷെല്‍ട്ടര്‍ ഹോമിലാക്കുക മാത്രമാണ് തങ്ങള്‍ ചെയ്തത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version