രാജ്യത്തെ സാമ്പത്തിക ഭദ്രതയെയും പിടിച്ചുകുലുക്കി കര്‍ഷക സമരം; പ്രതിദിന നഷ്ടം 3500 കോടി രൂപയെന്ന് റിപ്പോര്‍ട്ട്, നിയമം പിന്‍വലിക്കാതെ ഒരടി പിന്നോട്ടില്ലെന്ന് കര്‍ഷകരും

Farmers' protest | bignewslive

ന്യൂഡല്‍ഹി: രാജ്യത്ത് ആഴ്ചകളായി തുടരുന്ന കര്‍ഷകസമരം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്നതായും റിപ്പോര്‍ട്ട്. പ്രതിദിനം 3500 കോടി രൂപയുടെ നഷ്ടം കാര്‍ഷിക മേഖലയില്‍ ഉണ്ടായെന്ന് അസോസിയേറ്റഡ് ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ഓഫ് ഇന്ത്യ (ആസോകാം) വെളിപ്പെടുത്തുന്നു. കര്‍ഷകരുടെ സമരം 21 നാള്‍ പിന്നിടുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

സര്‍ക്കാരും, കര്‍ഷകരും തമ്മിലുള്ള പ്രശ്നങ്ങള്‍ ഉടനടി പരിഹരിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖല തകര്‍ന്നടിയുമെന്ന് ആസോകാം ചുണ്ടിക്കാട്ടുന്നു. നിലവില്‍ ഒരു ദിവസം 3000 മുതല്‍ 3500 കോടി രൂപയുടെ നഷ്ടം സാമ്പത്തിക മേഖലയ്ക്കുണ്ടാവുന്നുവെന്നാണ് വിലയിരുത്തല്‍. ”ഹരിയാന, പഞ്ചാബ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സാമ്പത്തികരംഗം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു.

ഇവിടുങ്ങളിലെ കര്‍ഷകര്‍ സമരത്തിലാണെന്നത് സാമ്പത്തിക മേഖലയെ ആകെ പിന്നോട്ട് അടിക്കുന്നു. ഈ സംസ്ഥാനങ്ങളിലെ സാമ്പത്തിക സ്ഥിതി 18 കോടിയോളം രൂപ വരും. കര്‍ഷകസമരം ഈ സംസ്ഥാനങ്ങളിലെ വ്യവസായ മേഖലയ്ക്കും തിരിച്ചടി സമ്മാനിച്ചു. ജൗളിക്കടകള്‍, വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്സ് കടകള്‍, സൈക്കിള്‍, കായിക ഉപകരണങ്ങള്‍ തുടങ്ങി കയറ്റുമതി വിപണി പൂര്‍ണ്ണമായും തകര്‍ച്ചയിലാണ്. ക്രിസ്മസ് വിപണിയില്‍ കാര്യമായ നേട്ടങ്ങള്‍ വ്യവസായ രംഗത്തിന് കഴിയുന്നില്ല”. ആസോകാം പ്രസിഡന്റ് നിരജ്ഞനന്‍ ഹീരാനദന്‍ പ്രതികരിക്കുന്നു.

കര്‍ഷകസമരം മൂലം ഉണ്ടാകുന്ന ബ്ലോക്കുകള്‍ മറികടന്ന് സാധനങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കാന്‍ 50 ശതമാനം അധികം സമയം എടുക്കുന്നു. എഴ് മുതല്‍ എട്ട് വരെ കൂടുതല്‍ സഞ്ചരിക്കേണ്ടി വരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യവസായ പ്രമുഖര്‍ എതിര്‍ശബ്ദമുയര്‍ത്തിയിട്ടും കര്‍ഷകസമരം സാമ്പത്തിക മേഖലയെ ബാധിക്കില്ല എന്ന നിലപാടിലാണ് കേന്ദ്രവും.

എന്തെല്ലാം പ്രതിബന്ധങ്ങള്‍ ഉണ്ടായാലും ഒരടി പോലും പിന്നോട്ടില്ലെന്ന് കര്‍ഷകരും പറയുന്നു. കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് തന്നെയാണ് കര്‍ഷകരുടെ ആവശ്യം. മറ്റ് ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് ഇതിനോടകം കര്‍ഷകര്‍ പ്രതികരിച്ചു കഴിഞ്ഞു.

Exit mobile version