ഗോവധത്തെക്കുറിച്ച് ചോദ്യം; എല്‍എല്‍ബി ചോദ്യപേപ്പര്‍ വിവാദത്തില്‍

ജിജിഎസ്‌ഐപിഎയുമായി അഫിലിയേറ്റ് ചെയ്ത കോളേജുകളില്‍ ഡിസംബര്‍ ഏഴിന് നടന്ന ലോ ഓഫ് ക്രൈംസ്-I പേപ്പറിന്റെ പരീക്ഷയ്ക്കാണ് ഈ ചോദ്യം വന്നത്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗുരു ഗോബിന്ദ് സിങ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്‌സിറ്റി (ജിജിഎസ്‌ഐപിയു)യുടെ എല്‍എല്‍ബി പരീക്ഷ ചോദ്യപേപ്പറിലെ ചോദ്യം വിവാദത്തില്‍. അഹമ്മദ് എന്ന മുസ്ലിം യുവാവ് മാര്‍ക്കറ്റില്‍ വച്ച് ഹിന്ദുക്കളായ രോഹിത്, തുഷാര്‍, മാനവ്, രാഹുല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പശുവിനെ കൊന്നു, അഹമ്മദ് എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടോ? ഇതായിരുന്നു മൂന്നാം സെമസ്റ്റര്‍ പരീക്ഷ ചോദ്യപേപ്പറിലെ ഒരു ചോദ്യം.

ജിജിഎസ്‌ഐപിഎയുമായി അഫിലിയേറ്റ് ചെയ്ത കോളേജുകളില്‍ ഡിസംബര്‍ ഏഴിന് നടന്ന ലോ ഓഫ് ക്രൈംസ്-I പേപ്പറിന്റെ പരീക്ഷയ്ക്കാണ് ഈ ചോദ്യം വന്നത്. ജിജിഎസ്‌ഐപിയുടെ കീഴിലുളള പത്തോളം കോളേജുകളിലെ പരീക്ഷ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാദമായത്.

ഇതിനെക്കുറിച്ച് സര്‍വ്വകലാശാലയോട് ചോദിച്ചപ്പോള്‍ ഇത്തരത്തിലൊരു ചോദ്യം വന്നതില്‍ ഖേദം രേഖപ്പെടുത്തുന്നുവെന്നും ചോദ്യം ഒഴിവാക്കാന്‍ തീരുമാനിച്ചതായും അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
ഇത് വളരെ വിചിത്രമാണ്. സമൂഹത്തിലെ ഐക്യം തകര്‍ക്കാനുളള ശ്രമമാണിത്. ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ല. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അന്വേഷണ റിപ്പോര്‍ട്ടിനുശേഷം കര്‍ശന നടപടി സ്വീകരിക്കും, മനീഷ് സിസോദിയ പറഞ്ഞു. അതേസമയം, ഇത്തരത്തിലൊരു തെറ്റ് സംഭവിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ജിജിഎസ്‌ഐപിയു രജിസ്ട്രാര്‍ സത്‌നം സിങ് പറഞ്ഞു. ഇത്തരത്തിലുളള ചോദ്യം ചോദിക്കാന്‍ പാടില്ലാത്തതാണ്. ഈ ചോദ്യം ഒഴിവാക്കുകയാണ്. ഈ ചോദ്യത്തിന് മാര്‍ക്ക് നല്‍കില്ല. ഭാവിയില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിന് ഉപദേശക സമിതി രൂപീകരിക്കും, സത്‌നം സിങ് ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.

Exit mobile version