ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളായ സിംഗു, ശംഭു, തിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം സമരത്തിന്റെ ഭാഗമാകാന്‍ പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള രണ്ടായിരത്തോളം വനിതകള്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. വനിതാ പ്രതിനിധികള്‍ക്ക് പ്രത്യേക സൗകര്യം സിംഗു അതിര്‍ത്തിയില്‍ ഒരുക്കിയിട്ടുണ്ട്.
അതേസമയം കര്‍ഷകര്‍ ഇന്നു ഡല്‍ഹി- ആഗ്ര, ഡല്‍ഹി-ജയ്പൂര്‍ ദേശീയ പാതകള്‍ ഉപരോധിക്കും. ജയ്‌സിംഗ്പൂര്‍-ഖേര അതിര്‍ത്തിയില്‍ രാജസ്ഥാനില്‍നിന്നുളള കര്‍ഷകര്‍ പ്രതിഷേധം തുടരുകയാണ്. ഇവരെ ഡല്‍ഹിയിലേക്ക് ഹരിയാന പോലീസ് കടത്തി വിട്ടില്ല. അതേസമയം കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച അണ്ണാ ഹസാരെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നിരാഹാര സമരം ഇരിക്കുമെന്നാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറിന് അയച്ച കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതിനിടെ കാര്‍ഷിക നിയമത്തെ അനുകൂലിക്കുന്ന കര്‍ഷക സംഘടനകളെ ഒരുമിച്ച് നിര്‍ത്തി പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ബിജെപി വിളിച്ച കര്‍ഷകരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. നിയമം കര്‍ഷകര്‍ക്ക് ഗുണകരമാണെന്ന് വിശദീകരിക്കാനാണ് യോഗം.