സ്‌കൂള്‍ ബാഗിന്റെ ഭാരം ഇനി വിദ്യാര്‍ത്ഥികളുടെ തൂക്കത്തിന് അനുസരിച്ച്; പുതിയ നയം രൂപീകരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

Education Ministry | bignewslive

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പുതിയ നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രധാന വിഷയമാണ് സ്‌കൂള്‍ ബാഗിന്റെ ഭാരവും അമിതപാഠഭാഗങ്ങളും. വിദ്യാര്‍ത്ഥികളുടെ ശരീര ഭാരത്തിന്റെ പത്ത് ശതമാനത്തില്‍ താഴെയായിരിക്കണം സ്‌കൂള്‍ ബാഗിന്റെ ഭാരം. ഭാരം ക്രമപ്പെടുത്തുന്ന തിനായി പുതിയ നിര്‍ദേശങ്ങളും നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ പുസ്തകത്തിന്റെ ഭാരം രേഖപ്പെടുത്തണമെന്നും വെള്ളക്കുപ്പിയുടെയും ചോറ്റുപാത്രത്തിന്റെയും ഭാരം ഒഴിവാക്കുന്നതിനായി സ്‌കൂളുകളില്‍ ഗുണ നിലവാരമുള്ള കുടി വെള്ളവും ഉച്ചഭക്ഷണവും ലഭ്യമാക്കണമെന്നും നിയമത്തില്‍ പറയുന്നുണ്ട്. 2018 ല്‍ മദ്രാസ് ഹൈക്കോടതി സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറക്കാനുള്ള നയം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.

ഇതിന്റെ ഭാഗമായി എന്‍സിഈആര്‍ടിയിലെ പാഠ്യപദ്ധതി വിഭാഗ മേധാവിയായ രഞ്ജന അറോറയുടെ നേതൃത്വത്തില്‍ സമിതി രൂപികരിക്കുകയും രാജ്യത്തെ 350 ഓളം സ്‌കൂളുകളിലായി രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും അഭിപ്രായങ്ങള്‍ ശേഖരിക്കാന്‍ സര്‍വ്വേയും നടത്തിയിരുന്നു. രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികളുടെ അമിത പാഠഭാഗങ്ങള്‍ കണക്കിലെടുത്ത് ഹോംവര്‍ക്ക് നല്‍കുന്ന പഠനരീതി ഒഴിവാക്കുകയും അതിനുപകരം വൈകുന്നേരങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ എങ്ങിനെ ചെലവഴികുന്നു, കഴിച്ച ഭക്ഷണം, കളിക്കുന്ന കളികള്‍ എന്നിവയെ കുറിച്ച് അധ്യാപകര്‍ ക്ലാസ്സില്‍ പറയിപ്പിക്കണം. ഇത്തരം രീതികള്‍ പഠന സമയം കുറക്കാനും ആത്മവിശ്വാസം കൂട്ടാനും സഹായിക്കും.

മൂന്ന് മുതല്‍ അഞ്ചു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ രണ്ട് മണിക്കൂര്‍ വരെ മാത്രം ഹോംവര്‍ക്ക് നല്‍കുക. ആറു മുതല്‍ എട്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ദിവസത്തില്‍ ഒരു മണിക്കൂര്‍ വരെയും ഹോംവര്‍ക്കുകള്‍ നല്‍കാം. ആറാം ക്ലാസ്സ് മുതലുള്ള കുട്ടികള്‍ക്ക് കഥകള്‍, ലേഖനങ്ങള്‍, പ്രാദേശിക വിഷയങ്ങള്‍ എന്നിവയെ കുറിച്ച് ചെറിയ രീതിയിലെങ്കിലും അറിവുള്ളവരായിരിക്കും. അവരെ കൂടുതല്‍ ബോധവാന്മാരാക്കാന്‍ ഇത്തരം വിഷയങ്ങളെക്കുറിച്ച് എഴുതാന്‍ നിര്‍ദ്ദേശിക്കണം. ഇത്തരത്തിലുള്ള നിയമങ്ങലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പ്ലസ് ടു വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിദിനം ഒരു മണിക്കൂറില്‍ കൂടുതല്‍ ഹോംവര്‍ക്കിനായി നല്‍കരുതെന്നും ബാഗിന്റെ ഭാരം അഞ്ചു കിലോയില്‍ കൂടുതല്‍ ആവരുതെന്നും നയത്തില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. വിദ്യാര്‍ത്ഥി കളുടെ തൂക്കവും പാഠപുസ്തകത്തിന്റെ ഭാരവും കണക്കിലെടുത്താണ് പുതിയ നയം രൂപികരിച്ചിട്ടുള്ളത്. പുതിയ നയത്തിന്റെ പകര്‍പ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

Exit mobile version