അന്നം തരുന്ന കൈകളില്‍ കടിക്കരുത്; കര്‍ഷകര്‍ക്ക് പിന്തുണ ഏറുന്നു, രാജ്യത്തിന് അകത്ത് മാത്രമല്ല, വിദേശത്തും! പിന്തുണ പ്രഖ്യാപിച്ച് അമേരിക്കയില്‍ റാലി

Support of Indian farmers | bignewslive

മിഷിഗണ്‍: പ്രതിഷേധങ്ങളെ മാനിക്കാതെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക ബില്ലിനെതിരെ വന്‍ പ്രതിഷേധ ജ്വാല തീര്‍ക്കുകയാണ് കര്‍ഷകര്‍. കഴിഞ്ഞ 10 ദിവസമായി അന്നവും ഉറക്കവും നടുറോഡിലാക്കി കൊടുംതണുപ്പില്‍ വിറച്ച് തങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുകയാണ് കര്‍ഷകര്‍. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. രാജ്യത്തിന് അകത്ത് മാത്രമല്ല, പുറത്തും പതിന്‍മടങ്ങ് പിന്തുണയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.

ഇപ്പോള്‍ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കയില്‍ റാലി നടത്തിയിരിക്കുകയാണ്. അമേരിക്കയിലെ മിഷിഗണിലാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. കാര്‍ഷിക ബില്‍ കര്‍ഷകരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും വ്യവസായത്തെ നശിപ്പിക്കുകയും ചെയ്യുന്നുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

മിഷിഗനിലെ സിഖ് വംശജര്‍, മറ്റ് ഇന്ത്യക്കാര്‍ എന്നിവരുള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. കാന്റണ്‍ ടൗണ്‍ഷിപിലെ ഹെറിറ്റേജ് പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ പലരും കുടുംബവുമായാണ് എത്തിയത്. കര്‍ഷക സമരത്തിന് പിന്തുണയുമായി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും, യുകെ, ആസ്‌ട്രേലിയ തുടങ്ങിയവര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് അമേരിക്കയിലും പിന്തുണ ഉയരുന്നത്.

പ്രതിഷേധക്കാരുടെ വാക്കുകള്‍;

‘ഞങ്ങള്‍ കര്‍ഷകര്‍ക്കൊപ്പമാണ്, അന്നം തരുന്ന കൈകളില്‍ കടിക്കരുത്. സര്‍ക്കാര്‍ മനുഷ്യാവകാശങ്ങളെ ആസൂത്രിതമായി അടിച്ചമര്‍ത്തുകയാണ്. നമ്മുടെ പൂര്‍വ്വികര്‍ കാലങ്ങളായി പരിശ്രമിച്ച് വളര്‍ത്തിയെടുത്തതാണ് കൃഷി. എന്നാല്‍ ഇന്ന് അവരുടെ ഭാവി അപകടത്തിലാണ്. സര്‍ക്കാര്‍ അനാവശ്യ നിയമങ്ങള്‍ അവര്‍ക്കെതിരെ ചുമത്തുകയാണ്. സമാധാനപരമായി പ്രതിഷേധിച്ചവരെ കണ്ണീര്‍ വാതകവും ജലപീരങ്കികളും ഉപയോഗിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ മര്‍ദ്ദിക്കുകയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. സര്‍ക്കാര്‍ അവരുടെ ശബ്ദം അടിച്ചമര്‍ത്തുകയാണ്, അത് കര്‍ഷകര്‍ക്കുള്ള ബില്ലാണെങ്കില്‍ അവര്‍ കര്‍ഷകരുമായി ആത്മാര്‍ഥമായി സംസാരിക്കണം, തങ്ങള്‍ക്ക് നല്ലത് എന്താണെന്ന് കര്‍ഷകര്‍ക്ക് നന്നായി അറിയാം. മോഡിയും നേതാക്കളും കര്‍ഷകരുടെ ആശങ്കകള്‍ തള്ളിക്കളയുകയാണ്. അവരെ ‘വഴിതെറ്റിയവര്‍’ എന്നും ‘ദേശവിരുദ്ധര്‍’ എന്നും വിളിക്കുന്നത് അംഗീകരിക്കാനാവില്ല.

Exit mobile version