കോവാക്‌സിന്‍ സ്വീകരിച്ച മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവം: വിശദീകരണവുമായി നിര്‍മ്മാതാക്കളായ ഭാരത് ബയോട്ടെക്

covaxine, bharath bio tech, hariyana, health minister, covid | bignewslive

ന്യൂഡല്‍ഹി: കൊവാക്‌സിന്‍ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജിന് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ വിശദീകരണവുമായി കൊവാക്‌സിന്‍ നിര്‍മ്മാതാക്കളായ ‘ഭാരത് ബയോട്ടെക്’. വാക്‌സിന്റെ രണ്ട് ഡോസ് എടുത്തതിന് ശേഷം മാത്രമേ ഇതിന്റെ ഫലം കാണൂ എന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. മന്ത്രി അനില്‍ വിജ് ഒരു ഡോസ് മാത്രമാണ് എടുത്തിരിക്കുന്നതെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

‘കൊവാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ രണ്ട് ഡോസ് എന്ന ഷെഡ്യൂളിലാണ് ചെയ്തുവരുന്നത്. 28 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ഡോസ് എന്നാണ് കണക്ക്. രണ്ടാമത്തെ ഡോസെടുത്ത് 14 ദിവസം പിന്നിട്ടാല്‍ മാത്രമേ ഇതിന്റെ ഫലം കാണൂ…’- കമ്പനി അറിയിച്ചു. സുരക്ഷിതത്വത്തിന് തന്നെയാണ് കൊവിഡ് വാക്‌സിന്റെ കാര്യത്തിലും ഏറ്റവും മുന്തൂക്കം നല്‍കുന്നതെന്നും കമ്പനി ആവര്‍ത്തിച്ചുപറയുന്നു.

ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ കൊവിഡ് വാക്‌സിന് ആണ് ‘കൊവാക്‌സിന്‍’. ഇതിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങളുടെ ഭാഗമായി ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് കൊവാക്‌സിന്‍ സ്വീകരിച്ചിരുന്നു. നവംബര്‍ 20നായിരുന്നു വാക്‌സിന്‍ സ്വീകരിച്ചത്.

എന്നാല്‍ ഇന്ന് നടത്തിയ പരിശോധനയില്‍ അനില്‍ വിജിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ കൊവാക്‌സിന്റെ വിശ്വാസ്യതയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്നാണ് സംഭവത്തില്‍ വിശദീകരണവുമായി കമ്പനി രംഗത്ത് എത്തിയത്.

Exit mobile version